Top

'ഇതിലും വലുത് സംഭവിക്കും എന്നറിഞ്ഞിട്ടാണ് ഒരാൾ കമ്മ്യൂണിസ്റ്റാവുന്നത്'; കോടതി വിധിയിൽ എൻ എൻ കൃഷ്ണദാസിന്റെ പ്രതികരണം

കേസ് ഉണ്ടാവുന്നതും, അതിൽ ചിലപ്പോൾ ശിക്ഷ വിധിക്കുന്നതും ചിലർക്ക് അസാധാരണമായി തോന്നാം. ഞങ്ങൾക്ക് ഇതൊക്കെ സാധാരണ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമാണ്

17 Feb 2022 3:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതിലും വലുത് സംഭവിക്കും എന്നറിഞ്ഞിട്ടാണ് ഒരാൾ കമ്മ്യൂണിസ്റ്റാവുന്നത്; കോടതി വിധിയിൽ എൻ എൻ കൃഷ്ണദാസിന്റെ പ്രതികരണം
X

ഇഎസ്‌ഐ ആശുപത്രിയിൽ അതിക്രമിച്ചു കയറി സുപ്രണ്ടിനെ ഉപരോധിച്ചെന്ന കേസിലുണ്ടായി വിധിയിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സമിതി അംഗവും മുൻ എംപിയുമായ എൻഎൻ കൃഷ്ണദാസ്. ഇങ്ങനെയൊ ഇതിലും വലുതോ സംഭവിക്കും എന്നറിഞ്ഞട്ടാണ് ഒരാൾ കമ്മ്യൂണിസ്റ്റാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേസ് ഉണ്ടാവുന്നതും, അതിൽ ചിലപ്പോൾ ശിക്ഷ വിധിക്കുന്നതും ചിലർക്ക് അസാധാരണമായി തോന്നാം. ഞങ്ങൾക്ക് ഇതൊക്കെ സാധാരണ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമാണ്. ഇതിനൊന്നും ഒരു പ്രാധാന്യവും കണക്കാക്കുന്നില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

കൃഷ്ണദാസിന്റെ വാക്കുക

ഒരു കോടതി വിധി സംബന്ധിച്ച വാർത്തകളുടെ നിജസ്ഥിതി വ്യക്തമാക്കാനാണ് ഇതെഴുതുന്നത്. പാലക്കാട്‌ ഇ. എസ്. ഐ ആശുപത്രിയിൽ അതിക്രമിച്ചു കയറി ; ആശുപത്രി സൂപ്രണ്ടിന്റെ കൃത്യവിലോപം തടസ്സപ്പെടുത്തി എന്നൊക്കെയുള്ള കുറ്റങ്ങൾ ചുമത്തി എനിക്കും, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ആയിരുന്ന സഖാവ് ജോസിനും എതിരെ പാലക്കാട്‌ സിജെഎം കോടതി ശിക്ഷ വിധിച്ചു. 2015ൽ ഉമ്മൻ ചാണ്ടി ഭരണ കാലത്താണ് കേസിനാസ്പദമായ "സംഭവം" ഉണ്ടായത്.

പാലക്കാട് ഇഎസ്ഐ ആശുപത്രിയിൽ നിന്ന് ഇഎസ്ഐ ആനുകൂല്യമുള്ള തൊഴിലാളികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് തൊഴിലാളികളായ ചികിത്സാർഥികളിൽ നിന്ന് അനധികൃതമായി പണം ചോദിക്കുകയും, അത് നൽകാത്തവർക്ക് സർട്ടിഫിക്കറ്റ് നൽകാതിരിക്കുകയും ചെയ്യുന്നത് നിത്യ സംഭവമായിരുന്നു. അതിനിടയിൽ ഭിന്നശേഷിക്കാരി കൂടിയായ ഒരു തൊഴിലാളി സ്ത്രീക്ക് ഉയർന്ന ചികിത്സാവശ്യത്തിനുള്ള റഫറൻസ് സെർട്ടിഫിക്കറ്റ് നൽകാതെ അവരെ ദിവസങ്ങളോളം നടത്തി ബുദ്ധിമുട്ടിച്ചു അവിടത്തെ ആശുപത്രി സൂപ്രണ്ട്. ഇതറിഞ്ഞു ഒരു കൂട്ടം സഖാക്കൾ അവിടെയെത്തി ഈ അന്യായത്തിനെതിരെ സൂപ്രണ്ട് ഓഫീസ് മുൻ വശത്ത് കുത്തിയിരുന്നു.

വിവരം അറിഞ്ഞപ്പോൾ ഈയുള്ളവനും അവിടെയെത്തി. അധികം വൈകാതെ സമരം അവസാനിക്കുകയും ചെയ്തു. എന്നാൽ ഞങ്ങൾക്കെതിരെ മേൽപ്പറഞ്ഞ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ആ കേസ് പാലക്കാട്‌ സിജെഎം കോടതിയിൽ ആയിരുന്നു. കഴിഞ്ഞ 15ന് മേൽ സൂചിപ്പിച്ച പ്രകാരം വിധി കൽപ്പിച്ചു. ആ സമയം തന്നെ ഞങ്ങൾക്ക് വേണ്ടി ഹാജരായിരുന്ന വക്കീൽമാർ കേസിനു സ്റ്റേ വാങ്ങുകയും പിറ്റേ ദിവസം തന്നെ ജില്ലാ കോടതിയിൽ അപ്പീൽ നൽകുകയും ചെയ്തിട്ടുള്ളതാകുന്നു.

വർഷങ്ങളായി തുടരുന്ന പാർട്ടി പ്രവർത്തനത്തിൽ ഇതൊക്കെ സാധാരണ സംഭവമായി കാണുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. അതിനിടയിൽ ദിവസങ്ങൾക്കു ശേഷം എന്തോ വലിയൊരു കണ്ട് പിടിത്തം നടത്തിയപോലെ ചില മാധ്യമങ്ങൾ ഇതൊരു "വൻ" സംഭവമാക്കിയത്കൊണ്ടാണ് ഈ കുറിപ്പ്. ഇങ്ങനെയൊക്കെയോ, ചിലപ്പോൾ ഇതിലും വലുതോ സംഭവിക്കും എന്നറിഞ്ഞട്ടല്ലേ ഒരാൾ കമ്മ്യൂണിസ്റ്റ് ആവുന്നത്! കമ്മ്യൂണിസ്റ്റുകാർ ആ പാർട്ടി തന്നെ തെരെഞ്ഞെടുക്കുന്നത്, വഴിതെറ്റിക്കയറിയ അപരിചിത സഞ്ചാരികളെ പോലെ അല്ലാത്തത് കൊണ്ടാണ്.

അതുകൊണ്ട് ഇങ്ങനെ ഒരു കേസ് ഉണ്ടാവുന്നതും, അതിൽ ചിലപ്പോൾ ശിക്ഷ വിധിക്കുന്നതും ചിലർക്ക് അസാധാരണമായി തോന്നാം. ഞങ്ങൾക്ക് ഇതൊക്കെ സാധാരണ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമാണ്. ഇതിനൊന്നും ഒരു പ്രാധാന്യവും കണക്കാക്കുന്നില്ല.

STORY HIGHLIGHTS: NN Krishnadas about Court Verdict

Next Story