Top

'കേരളാ പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധം': എൻഐഎ റിപ്പോർട്ട്

4 Oct 2022 1:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളാ പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധം: എൻഐഎ റിപ്പോർട്ട്
X

തിരുവനന്തപുരം: നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി കേരളാ പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ റിപ്പോർട്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പട്ടികയിലുളള പൊലീസ് ഉദ്യോഗസ്ഥർ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്.

സംസ്ഥാന പൊലീസിലെ സ്പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ്, ലോ ആൻഡ് ഓർഡർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസ് ചുമതല വഹിക്കുന്നവരുമാണ് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലുളളത്. പൊലീസ് സേനയുടെ നീക്കങ്ങൾ പരിശോധനകളുമടക്കമുളള വിവരങ്ങൾ എന്നിവ സംഘടനയുമായി ബന്ധപ്പെട്ടവർക്ക് ചോർത്തിക്കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവർക്കെതിരെയുള്ളത്. പട്ടികയിലുളള സിവിൽ പൊലീസ് ഉദ്യോഗസ്ഥർ, എസ്ഐമാർ, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചു വരികയാണ്.

അതേസമയം നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയും തമ്മിലുള്ള ബന്ധം കണ്ടെത്താനായില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും എതിരായി സര്‍ക്കാര്‍ ഏജന്‍സികള്‍ നടപടികള്‍ സ്വീകരിക്കവേയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. എസ്ഡിപിഐ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. നടപടിയെടുക്കാനാവശ്യമായ ബന്ധം പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തമ്മില്‍ കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

STORY HIGHLIGHTS: NIA report that 873 officers of Kerala Police has connection with Popular Front

Next Story