Top

നവജാത ശിശുവിന്റെ മരണം കൊലപാതകം; ഡിസ്ചാര്‍ജ് ആയാല്‍ ഉടന്‍ അമ്മയെ അറസ്റ്റ് ചെയ്യും

ബുധനാഴ്ച്ച രാത്രി 10-30 നായിരുന്നു സംഭവം. മങ്കുഴിയില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചുവരികയാണ് യുവതി

12 Aug 2022 5:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നവജാത ശിശുവിന്റെ മരണം കൊലപാതകം; ഡിസ്ചാര്‍ജ് ആയാല്‍ ഉടന്‍ അമ്മയെ അറസ്റ്റ് ചെയ്യും
X

ഇടുക്കി: പ്രസവിച്ച ഉടനെ നവജാത ശിശുവിനെ ശൗചാലയത്തില്‍ വെള്ളം നിറച്ച കന്നാസില്‍ മുക്കികൊന്ന സംഭവം കൊലപാതകം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജനിച്ചയുടന്‍ കുഞ്ഞിന് ശ്വാസം എടുപ്പ് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിന്റെ ശരീരത്തില്‍ ജലാംശം കണ്ടെത്തി.

സംഭവത്തില്‍ അമ്മക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. അവരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അറസ്റ്റ് ചെയ്യും. രക്തസ്രാവത്തെ തുടര്‍ന്ന് അവശയായ യുവതി, പൊലീസിന്റെ നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല.

ബുധനാഴ്ച്ച രാത്രി 10-30 നായിരുന്നു സംഭവം. മങ്കുഴിയില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചുവരികയാണ് യുവതി. ശൗചാലയത്തില്‍ കയറിയ യുവതി ഏറെ നേരമായിട്ടും പുറത്ത് വരാതിരുന്നതോടെ സംശയം തോന്നിയ ഭര്‍ത്താവ് വാതിലില്‍ മുട്ടിവിളിക്കുകയായിരുന്നു. വാതില്‍ തുറന്നതോടെയാണ് രക്തം പുരണ്ട നിലയില്‍ യുവതിയെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് യുവതി പ്രസവിച്ച കാര്യം അറിയുന്നത്. ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

ഒരു വര്‍ഷം മുമ്പ് ഭര്‍ത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച് വീട് വിട്ടിറങ്ങിയ യുവതി തമിഴ്‌നാട്ടില്‍ മറ്റൊരാള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. ഒടുവില്‍ പൊലീസും പഞ്ചായത്തംഗങ്ങളും ഇടപെട്ടാണ് തിരിച്ചെത്തിച്ചത്. എന്നാല്‍ അതിന് ശേഷം യുവതിയും ഭര്‍ത്താവും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. അതിനാല്‍ യുവതി ഗര്‍ഭിണിയായിരുന്നുവെന്ന കാര്യം ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല.

Next Story