പൊലീസ് തലപ്പത്ത് മാറ്റം; എഡിജിപി ശ്രീജിത്ത് ഇനി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍
22 April 2022 4:14 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉന്നതപദവികളില്‍ മാറ്റം. ഡിജിപി സുധേഷ് കുമാറിനെ ജയില്‍ മേധാവിയാക്കി. നിലവില്‍ വിജിലന്‍സ് ഡയറക്ടറാണ് സുധേഷ് കുമാര്‍. എംആര്‍ അജിത്ത് കുമാറാണ് പുതിയ വിജിലന്‍സ് മേധാവി. ക്രൈംബ്രാഞ്ച് മേധാവി എഡിജിപിഎസ് ശ്രീജിത്തിനെയും മാറ്റി. ഷേഖ് ദര്‍വേസ് സാഹിബാണ് ഇനി ക്രൈം ബ്രാഞ്ച് മേധാവി. ശ്രീജിത്തിന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാക്കിയാണ് മാറ്റം.
നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ശ്രീജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു. അഡ്വ ഫിലിപ്പ് ടി വര്‍ഗ്ഗീസ് മുഖേനയാണ് സര്‍ക്കാരിന് പരാതി നല്‍കിയത്. അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് എഡിജിപി ശ്രീജിത്ത് ഉള്‍പ്പെട്ട അന്വേഷണ സംഘത്തിനെതിരെ ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരിക്കുന്നത്.അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി പരാതിയില്‍ ആരോപിക്കുന്നുണ്ട്. കേസിലെ പ്രതികളേയും ബന്ധുക്കളേയും ക്രൈബ്രാഞ്ച് അപമാനിക്കാന്‍ ശ്രമിക്കുന്നു. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ അന്വേഷണ സംഘം അപവാദ പ്രചാരണം നടത്തുകയാണ്. ഇതിനുവേണ്ടി അന്വേഷണ സംഘം സായി ശങ്കറിനെ കൂട്ടുപിടിച്ചു. സായി ശങ്കറിന് മാധ്യമങ്ങളെ കാണാന്‍ അവസരമൊരുക്കിയത് എഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിനെതിരെ ഡിജിപി ടോമിന് തച്ചങ്കരി പരാതി നല്‍കിയിരുന്നു. പ്രമുഖ സ്വര്‍ണാഭരണശാലയില്‍ നിന്നും ആഭരണം വാങ്ങിയ ശേഷം കുറഞ്ഞ തുക നല്‍കിയെന്ന പരാതിയും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയുണ്ടായിരുന്നു. ആഭ്യന്തര സെക്രട്ടറി നടത്തിയ പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് സ്ഥാനത്ത് നിന്നുള്ള മാറ്റം.
Story Highlights: NEW TRANSFER AND POSTING OF IPS OFFICER AT KERALA