പ്യൂര്‍ വെജ് നോമ്പുതുറയില്‍ പങ്കെടുത്ത് നജീബ് കാന്തപുരം; എംഎല്‍എയുടെ പ്രസംഗത്തില്‍ നിന്നും വീടിന് പേര് കണ്ടെത്തി വിരുന്നൊരുക്കിയവര്‍
29 April 2022 5:44 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പെരിന്തല്‍മണ്ണ: താന്‍ ഇന്ന് ജീവിതത്തില്‍ ആദ്യമായി പ്യൂര്‍ വെജ് ഇഫ്താറില്‍ പങ്കെടുത്തുവെന്ന് നജീബ് കാന്തപുരം എംഎല്‍എ. ഏലംകുളം കുന്നക്കാവിലെ മനയില്‍ അഭിഭാഷകനായ ശങ്കരനും ഭാര്യ പാര്‍വതിയുമാണ് ഇഫ്താര്‍ വിരുന്നിന് വേദിയൊരുക്കിയത്. നോമ്പുതുറ കഴിഞ്ഞ് മനയില്‍ നിസ്കരിക്കാന്‍ സൗകര്യമൊരുക്കിയെന്നും നജീബ് കാന്തപുരം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
'ഈ കാലുഷ്യം നിറഞ്ഞ കാലത്ത് എത്രയെത്ര മനുഷ്യരാണ് ഇത്ര മനോഹരമായ ഒരുമയുണ്ടാക്കുന്നത്. ആ മുറ്റത്ത് ഇന്ന് വിളമ്പിയ ഭക്ഷണം ഇന്ത്യ ആഗ്രഹിക്കുന്ന രുചിക്കൂട്ടാണ്. ശരിയായ മനുഷ്യ ബന്ധത്തിന്റെ മധുരമുള്ള വിഭവങ്ങള്‍', എംഎല്‍എ പറയുന്നു.
ഇഫ്താര്‍ വിരുന്നിലെ എംഎല്‍എയുടെ പ്രസംഗത്തില്‍ നിന്നും മനയ്ക്ക് വിരുന്നൊരുക്കിയ കുടുംബം വീടിനുള്ള പേര് കണ്ടെത്തി. ഈ വിരുന്ന് ഒരു നല്ല മനുഷ്യര്‍ അവസാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന സുകൃതമാണെന്ന് എംഎല്‍എ പ്രസംഗത്തിനിടയില്‍ സൂചിപ്പിച്ചിരുന്നു. ഇതില്‍ നിന്നാണ് കുടുംബം വീടിന് സുകൃതം എന്ന് പേര് കണ്ടെത്തിയത്. വിരുന്ന് കഴിഞ്ഞ് മടങ്ങുമ്പോള്‍ പാര്‍വ്വതിയും മക്കളുമാണ് ഇങ്ങനെയൊരു പേര് വീടിന് കണ്ടെത്തിയതായി തന്നെ അറിയിച്ചത് എന്നും എംഎല്‍എ പറഞ്ഞു. താന്‍ ജീവിതത്തില്‍ ആദ്യമായാണ് വീടിന് പേരിടുന്നതെന്ന് എംഎല്‍എ അറിയിച്ചു.
നജീബ് കാന്തപുരം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ന് മനസ്സ് നിറഞ്ഞ നോമ്പുതുറയായിരുന്നു. ജീവിതത്തിലാദ്യമായി പ്യൂര്‍ വെജ് ഇഫ്താര്‍. ഏലംകുളം കുന്നക്കാവിലെ പ്രസിദ്ധമായ മനയില്‍. നാട്ടുകാരെയെല്ലാം വിളിച്ച് ഒരുമയോടെ ഇരുത്തിയത് ശങ്കരന് വക്കീലും ഭാര്യ പാര്‍വ്വതിയും. കഴിഞ്ഞ ദിവസം പുരുഷോത്തമന് നമ്പൂതിരിയാണ് ഒരുമയുടെ നോമ്പ് തുറ വിളിച്ചത്. വക്കീലിന്റെ വീട്ടിലാണെന്നും ഒഴിവാകരുതെന്നും പറഞ്ഞു.
എളാട് ക്രിയ കമ്മ്യൂണിന്റെ ഉദ്ഘാടനത്തിനു എല്ലാര്ക്കും ഭക്ഷണം കൊടുക്കണമെന്ന് നിര്‍ബന്ധം പറഞ്ഞത് വക്കീലായിരുന്നു. രണ്ടായിരത്തിലേറെ പേര്‍ക്ക് അന്ന് ഭക്ഷണം നല്‍കിയത് വക്കീലാണ്. അത്ര നല്ല സല്‍ക്കാര പ്രിയനാണ്.
നോമ്പ്തുറ കഴിഞ്ഞ് ഞങ്ങള്‍ക്ക് നിസ്കരിക്കാന്‍ മനയില്‍ വിശാലമായ സൗകര്യമൊരുക്കി. ഈ കാലുഷ്യം നിറഞ്ഞ കാലത്ത് എത്രയെത്ര മനുഷ്യരാണ് ഇത്ര മനോഹരമായ ഒരുമയുണ്ടാക്കുന്നത്. ആ മുറ്റത്ത് ഇന്ന് വിളമ്പിയ ഭക്ഷണം ഇന്ത്യ ആഗ്രഹിക്കുന്ന രുചിക്കൂട്ടാണ്. ശരിയായ മനുഷ്യ ബന്ധത്തിന്റെ മധുരമുള്ള വിഭവങ്ങള്‍.
ഞാന്‍ പ്രസംഗത്തിനിടയില്‍ പറഞ്ഞു. ഇതൊരു ഇഫ്താര്‍ വിരുന്ന് മാത്രമല്ല. നല്ല മനുഷ്യര്‍ അവസാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന സുകൃതമാണ്. മടങ്ങാന്‍ നേരത്ത് വക്കീലിന്റെ ഭാര്യ പാര്‍വ്വതി മക്കളെയെല്ലാം കൂട്ടി വന്ന് എന്നോട് പറഞ്ഞു. ഇതുവരെ ഞങ്ങള്‍ ഈ വീടിനു പേരിട്ടിട്ടില്ല. ഞങ്ങള്‍ ഈ വീടിനു സുകൃതം എന്ന് പേരിടുകയാണ്.
നന്ദി ചേച്ചി, ജീവിതത്തിലാദ്യമായി ഞാന്‍ ഇന്ന് ഒരു വീടിനു പേരിട്ടു. അതും ഏലംകുളം കുന്നക്കാവ് മനക്കലെ അഡ്വ .ശങ്കരന് പാര്‍വ്വതി ദമ്പതികളുടെ വീടിന്. ഈ കുടുംബം ഈ നാടിന്റെ സുകൃതമല്ലാതെ മറ്റെന്താണ് ?
STORY HIGHLIGHTS: Najeeb Kanthapuram participates in Pure Veg Iftar