Top

'ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന പോലെയാണ് പിസി ചാക്കോയ്ക്ക് മന്ത്രിയുടെ കൂട്ട്'; രൂക്ഷ വിമർശനവുമായി എൻ എ മുഹമ്മദ് കുട്ടി

28 Oct 2022 11:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന പോലെയാണ് പിസി ചാക്കോയ്ക്ക് മന്ത്രിയുടെ കൂട്ട്; രൂക്ഷ വിമർശനവുമായി എൻ എ മുഹമ്മദ് കുട്ടി
X

കൊച്ചി: അഴിമതി ആരോപണത്തിൽ എൻസിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയ്ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുൻ ദേശീയ സെക്രട്ടറി എൻ എ മുഹമ്മദ് കുട്ടി. എൻസിപിയെ സംശുദ്ധ കോൺ​ഗ്രസ് എന്ന് വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പിസി ചാക്കോയുടെ നേതൃത്വത്തിൽ പാർട്ടി അശു​ദ്ധമായിപ്പോയെന്നും എൻ എ മുഹമ്മദ് കുട്ടി വിമർശിച്ചു. അഴിമതി നടത്തുന്നവരെ പുറത്താക്കുന്നത് വരെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ സമരപരിപാടികൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മലപ്പുറം കോട്ടക്കലിൽ എൻസിപി പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എൻ എ മുഹമ്മദ് കുട്ടി.

'കോണ്‍ഗ്രസ് എസ് എന്നാല്‍ സംശുദ്ധ കോണ്‍ഗ്രസ് എന്ന പേരുണ്ടായിരുന്നു. അന്ന് കോണ്‍ഗ്രസ് എസിനെ നയിച്ചിരുന്നവര്‍ ശരത് സിന്‍ഹ, എകെ ആന്റണി, കടന്നപ്പളളി രാമചന്ദ്രന്‍, കെ സി ഷണ്‍മുഖ ദാസ് തുടങ്ങിയവരായിരുന്നു. ആ കോണ്‍ഗ്രസ് ഇന്ന് പിസി ചാക്കോയിലെത്തി നില്‍ക്കുമ്പോള്‍ സംശുദ്ധ കോണ്‍ഗ്രസ് എന്ന് വിളിച്ചത് അശുദ്ധമായിപ്പോയി എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന്,' എൻ എ മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു.

പിഎസ്സി നിയമനത്തിന് 55 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപ പിസി ചാക്കോയുടെ ഭാര്യക്ക് കൊടുത്തുവെന്ന് ഒരാള്‍ മാധ്യമങ്ങളിലൂടെ പരസ്യമായി പറഞ്ഞത്. അതുകൊണ്ട് തന്നെ പിസി ചാക്കോ സ്വയം രാജിവെച്ചൊഴിയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പിസി ചാക്കോ ഉൾപ്പെടെയുളള അഴിമതി വീരന്മാർ മുട്ടുകുത്തുന്നത് വരെ സമരം നടത്തുമെന്നും എൻ എ മുഹമ്മദ് കുട്ടി അറിയിച്ചു. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞ പോലെയാണ് പിസി ചാക്കോയ്ക്ക് മന്ത്രി കൂടെ നിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മന്ത്രിയുടെ കൂട്ടുകാരനാണ് 50 ലക്ഷം രൂപയ്ക്ക് പിഎസ്സി കച്ചവടം ഉറപ്പിച്ചതെന്നും എൻ എ മുഹമ്മദ് കുട്ടി ആരോപിച്ചു. 20 ലക്ഷം രൂപ ഹൈക്കോടതിയിലെ ഒരു വനിത അഡ്വക്കേറ്റിന് നല്‍കി. അപ്പോഴേക്കും ചാക്കോ 55 വാങ്ങിച്ച് വേറെ ഒരാള്‍ക്ക് ഓര്‍ഡര്‍ കൊടുത്തു. ക്യാബിനറ്റ് പാസാക്കിയ സമയത്ത് അത് ഓര്‍ഡറാക്കാന്‍ ചാക്കോയ്ക്ക് സാധിച്ചില്ല. മന്ത്രിയുടെ ആളുകള്‍ക്ക് കൊടുക്കാത്തത് കൊണ്ട് മന്ത്രി തടസ്സം നിന്നതാണ് ഓർഡർ പാസാകാതിരിക്കാൻ കാരണമായത്. അവസാനം ആ ഓര്‍ഡര്‍ കിട്ടുന്നതിന് വേണ്ടി മുഖ്യമന്ത്രിയെ കണ്ടു. പാര്‍ട്ടിയുടെ നിലപാട് ഇതാണ് എന്ന് പറഞ്ഞ് ആണ് ഓര്‍ഡര്‍ ഇറക്കിയതെന്നും എൻ എ മുഹമ്മദ് കുട്ടി ആരോപിച്ചു.

നിങ്ങള്‍ ഇന്ന് ആ ഓര്‍ഡറുമായി വന്നില്ലെങ്കില്‍ ഈ വീട്ടിലേക്ക് കടക്കരുതെന്ന് പിസി ചാക്കോയുടെ ഭാര്യ പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. ചാക്കോയുടെ കൂടെ ഒമ്പത് വര്‍ഷം ഉണ്ടായിരുന്ന മന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ച വ്യക്തിയാണ് ഇക്കര്യം പറഞ്ഞതെന്നും എൻ എ മുഹമ്മദ് കുട്ടി പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പില്‍ തോമസ് കെ തോമസ് മത്സരിക്കാന്‍ ഒരുങ്ങിയെങ്കിലും സര്‍ക്കാരിന്റെ കാലാവധി പകുതിയായാല്‍ മന്ത്രിയാക്കാമെന്ന പ്രഫുല്‍ പട്ടേലിന്റെ നിര്‍ദേശം അനുസരിച്ച അദ്ദേഹം പിന്മാറിയില്ല. അങ്ങനെയാണ് താന്‍ മത്സരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് ചാക്കോ പ്രസിഡന്റായതെന്നും എന്‍എ മുഹമ്മദ് കുട്ടി ആരോപിച്ചിരുന്നു.

അതേസമയം എൻ എ മുഹമ്മദ് കുട്ടിയെ പാർട്ടിയിൽനിന്ന് പിരിച്ചുവിട്ട നടപടി എറണാകുളം അഡീഷണൽ മുൻസിഫ് കോടതി സ്റ്റേ ചെയ്തു. നോട്ടീസ് പോലും നൽകാതെ പുറത്താക്കിയതിൽ പാർട്ടി ദേശീയ പ്രസിഡന്റിന് എൻ എ മുഹമ്മദ് കുട്ടി അപ്പീൽ നൽകിയിരുന്നു.

STORY HIGHLIGHTS: N A Muhammed Kutty with severe criticism Against PC Chacko

Next Story