Top

'വിവാദ വനിതയെ നിയമിച്ചത് നയതന്ത്ര ബാഗേജിലൂടെ വീണ്ടും സ്വര്‍ണ്ണം കടത്താനാണോ?'; ചോദ്യവുമായി എം വി ജയരാജന്‍

സര്‍ക്കാറിന്റെ ഐ ടി സംരംഭ സ്ഥാപനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ മുമ്പ് ജോലിലഭിച്ചപ്പോള്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തുകയും മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തവരാണ് ബിജെപി നേതാക്കളെന്നും എം വി ജയരാജന്‍ കുറ്റപ്പെടുത്തി.

20 Feb 2022 7:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിവാദ വനിതയെ നിയമിച്ചത് നയതന്ത്ര ബാഗേജിലൂടെ വീണ്ടും സ്വര്‍ണ്ണം കടത്താനാണോ?; ചോദ്യവുമായി എം വി ജയരാജന്‍
X

സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിന് ജോലി നല്‍കിയ സംഘപരിവാര്‍ അനുകൂല എന്‍ജിഒ എച്ച്ആര്‍ഡിഎസിനെതിരെ വിമര്‍ശനവുമായി കേസ്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നയതന്ത്ര ബാഗേജിലൂടെ വീണ്ടും സ്വര്‍ണ്ണം കടത്താനാണോ വിവാദ വനിതയെ നിയമിച്ചതെന്ന് എം ജയരാജന്‍ ചോദിച്ചു. മോഡിയുടെ ചിത്രത്തിന് കീഴില്‍ വെച്ച് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്ക് സംഘപരിവാര്‍ എന്‍ജിഒ സംഘടനയുടെ ഉയര്‍ന്ന പദവിയില്‍ ജോലിനല്‍കിയെന്ന വാര്‍ത്ത ബിജെപിക്ക് നാണക്കേടുണ്ടാക്കിയില്ലെങ്കിലും നാടിന് മാനക്കേടാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ എം വി ജയരാജന്‍ ആരോപിച്ചു.

'സര്‍ക്കാറിന്റെ ഐ ടി സംരംഭ സ്ഥാപനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ മുമ്പ് ജോലിലഭിച്ചപ്പോള്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തുകയും മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തവരാണ് ബിജെപി നേതാക്കളെന്നും എം വി ജയരാജന്‍ കുറ്റപ്പെടുത്തി. അവരോട് ഒരൊറ്റ ചോദ്യം സംഘപരിവാര്‍ എന്‍.ജി.ഒ. സംഘടനയ്ക്ക് ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയില്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഡയക്ടറായി വിവാദ വനിതയെ നിയമിച്ചത് നയതന്ത്ര ബാഗേജിലൂടെ വീണ്ടും സ്വര്‍ണ്ണം കടത്താനാണോ? ഡല്‍ഹിയിലാണ് ജോലി നല്‍കിയത്.'

മുമ്പ് നയതന്ത്ര ബാഗ് വഴി സ്വര്‍ണ്ണം കടത്തിയപ്പോള്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ബിജെപി ചാനല്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മറുപടി തയ്യാറാക്കി കൊടുത്തത് കേരളം മറന്നിട്ടില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു. ബിജെപി നേതൃത്വവുമായി വിവാദ വനിതയ്ക്ക് നേരത്തെ തന്നെ ബന്ധമുണ്ടെന്ന് വ്യക്തമായതാണ്. സാമൂഹികരംഗത്തെ സേവനം പരിഗണിച്ചാണ് ജോലിനല്‍കിയത് എന്നാണ് ആര്‍എസ്എസ് നേതാക്കളുടെ പ്രതികരണം. ബിജെപിക്ക് അകത്ത് തന്നെ ഈ നിയമനം വിവാദമായിരിക്കുകയാണ്. വ്യത്യസ്തമായ പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു. എച്ച്ആര്‍ഡിഎസ് എന്ന സ്ഥാപനത്തിന്റെ മുന്‍കാലതട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. സ്വര്‍ണ്ണക്കടത്തിലുള്ള മുന്‍പരിചയം വെച്ചാണോ ഈ ജോലി പ്രതിക്ക് നല്‍കിയത് എന്ന ചോദ്യത്തിന് ഇവര്‍ മറുപടി പറഞ്ഞേ തീരൂവെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസമാണ് എച്ച്ആര്‍ഡിഎസ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായി സ്വപ്ന സുരേഷിനെ നിയമിച്ചത്.

കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളിലാണ് ഈ എന്‍ജിഒ പ്രവര്‍ത്തിക്കുന്നത്. ഗ്രാമീണരും ആദിവാസികളുമായ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് എന്‍ജിഒ സ്ഥാപിക്കപ്പെട്ടതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ജീവിതത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്നായിരുന്നു പുതിയ ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞത്. ലഭിച്ച ജോലി ആത്മാര്‍ത്ഥമായി ചെയ്യും. നിലവിലെ കേസുകളും ജോലിയും കൂട്ടിക്കുഴയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. ആദിവാസികളാണെങ്കിലും കോര്‍പറേറ്റുകളാണെങ്കിലും മനുഷ്യരാണ്. സ്ഥാപനവും ഓഫീസുകളും മാത്രമേ മാറുന്നുള്ളൂ. മനുഷ്യ മനസുകള്‍ മാറുന്നില്ല. എവിടെ ആയാലും ജോലി ചെയ്യാന്‍ താന്‍ തയ്യാറാണെന്നുമായിരുന്നു സ്വപ്‌ന സുരേഷിന്റെ പ്രതികരണം.

STORY HIGHLIGHTS: MV Jayarajan criticizes BJP over appointment of Swapna Suresh

Next Story