'ഇവര്‍ക്ക് എന്തോ അപകടം പറ്റി, മനോനില പരിശോധിക്കണം': ഡിവൈഎഫ്‌ഐ- അര്‍ജുന്‍ ആയങ്കി പോരില്‍ എംവി ജയരാജന്‍
''ജയിലിലേക്ക് പോവുന്നതിന് മുന്‍പേ ഈ പാര്‍ട്ടിയോ സംഘടനയോ ആയിട്ട് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞുവെച്ചിട്ട് പോയ ആളാണ് ഞാന്‍.''
26 April 2022 10:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയും ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും തമ്മിലുള്ള വാക്ക്‌പോരുകളില്‍ പ്രതികരണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് എതിരെ വ്യക്തിഹത്യ നടത്തുന്ന ഇടപെടല്‍ നടത്തിയിട്ടുണ്ടെങ്കില്‍, അത് ഡിവൈഎഫ്‌ഐയുടെ പോക്ക് ശരിയായ പാതയിലാണെന്നാണ് അര്‍ഥമെന്ന് എംവി ജയരാജന്‍ പറഞ്ഞു.
''ക്വട്ടേഷന്‍ മാഫിയ സംഘങ്ങളില്‍ നിന്ന് ആരും നീതി പ്രതീക്ഷിക്കുന്നില്ല. കാഞ്ഞിരക്കുരുവില്‍നിന്ന് ആരും മധുരം പ്രതീക്ഷിക്കില്ലല്ലോ. ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് എതിരാണ് പാര്‍ട്ടി. ആ നിലപാട് തന്നെയാണ് പി.ജയരാജനും. എന്നിട്ടും ഇവരൊക്കെ പി. ജയരാജനെ പുകഴ്ത്തുന്നുണ്ടെങ്കില്‍ ഇവരുടെ മനോനിലയാണ് പരിശോധിക്കേണ്ടത്. ഇവര്‍ക്ക് എന്തോ അപകടം പറ്റിയിട്ടുണ്ട്. രാഷ്ട്രീയമായി തള്ളിപ്പറഞ്ഞിട്ടും അവര്‍ സ്വന്തം നിലയില്‍ വാഴ്ത്തുകയാണ്.''
അതേസമയം, ഒരു വ്യക്തിക്ക് നേരെ താന്‍ നടത്തിയ ആരോപണത്തെ സംഘടന ഏറ്റെടുത്ത് അത് സംഘടനയ്ക്ക് നേരെയുള്ള ഭീഷണിയാക്കി മാറ്റുന്നത് ശരിയല്ലെന്ന് അര്‍ജുന്‍ ആയങ്കി പറഞ്ഞു. തന്നെ മനഃപൂര്‍വ്വം ഇതിലേക്ക് വലിച്ചിഴച്ചതാണ്. ഒരാളെ ആജീവനാന്തം കുറ്റവാളിയെന്ന് പറഞ്ഞ് ചാപ്പയടിക്കുന്നതും ആക്ഷേപിക്കുന്നതും ശരിയാണോയെന്നും അര്‍ജുന്‍ ചോദിച്ചു.
അര്‍ജുന്‍ ആയങ്കി പറഞ്ഞത്: ''ഏതെങ്കിലും ഒരു വ്യക്തിയല്ല പ്രസ്ഥാനം. ഒരു വ്യക്തിക്ക് നേരെയുള്ള ആരോപണത്തെ സംഘടന ഏറ്റെടുത്ത് അത് സംഘടനയ്ക്ക് നേരെയുള്ള ഭീഷണിയാക്കി മാറ്റുന്നത് ശരിയല്ല. മനഃപൂര്‍വ്വം എന്നെ ഇതിലേക്ക് വലിച്ചിഴച്ചതും. ഒരാളെ ആജീവനാന്തം കുറ്റവാളിയെന്ന് പറഞ്ഞു ചാപ്പയടിക്കുന്നത്, ആക്ഷേപിക്കുന്നത് ശരിയാണോ.? അയാള്‍ക്ക് ജീവിതസാഹചര്യം മാറ്റിയെടുക്കാനുള്ള സാമൂഹിക സാധ്യതകളെ തച്ചുടച്ച് അയാളെ ആ ക്രൈമില്‍ തന്നെ തളച്ചിടുന്ന പ്രവണത ശരിയാണോ.?''
''ഒരു കേസില്‍പെട്ട് ജയിലിലേക്ക് പോവുന്നതിന് മുന്‍പേ ഈ പാര്‍ട്ടിയോ സംഘടനയോ ആയിട്ട് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞുവെച്ചിട്ട് പോയ ആളാണ് ഞാന്‍, അതിന് ശേഷം ദാ ഈ സമയം വരെ രാഷ്ട്രീയ പോസ്റ്റുകള്‍ ഇവിടെയുണ്ടായിട്ടില്ല. മൂന്ന് രൂപയുടെ മെമ്പര്‍ഷിപ്പ് പോലുമില്ല. ഇത് അനാവശ്യ വിവാദമാണ്, ഊതിവീര്‍പ്പിച്ചത് ചില തല്പരകക്ഷികളാണ്. ആജീവനാന്തം വേട്ടയാടാമെന്നത് ന്യായമല്ല. ആരോപണം ഉന്നയിച്ചയാള്‍ ഞാനല്ല എങ്കിലും ആരോപണം നേരിട്ട് ഇരവാദം പറയുന്ന, ആദര്‍ശധീരനെന്ന് വാഴ്ത്തിപ്പാടുന്നവര്‍ക്ക് അതെല്ലാം തിരുത്തിപ്പറയാനുള്ള കാലം വരുമെന്ന് മാത്രം അടിവരയിട്ട് ആത്മവിശ്വാസത്തോടെ പറയുന്നു. ഏതെങ്കിലും ഒരു വ്യക്തിയല്ല പ്രസ്ഥാനം.''