Top

'സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരായ പ്രതിരോധം'; വിസ്മയ കേസിലെ വിധിയില്‍ ഗോവിന്ദന്‍ മാഷ്

''നമ്മുടെ പെണ്മക്കള്‍ നിര്‍ഭയരായി, സ്വയം പര്യാപ്തരായി വളരട്ടെ.''

24 May 2022 9:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരായ പ്രതിരോധം; വിസ്മയ കേസിലെ വിധിയില്‍ ഗോവിന്ദന്‍ മാഷ്
X

വിസ്മയ കേസിലെ കോടതി വിധി സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരായ പ്രതിരോധമാണെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാഷ്. സ്ത്രീധനം ആഗ്രഹിച്ചു നടക്കുന്ന വിവാഹങ്ങള്‍ക്കും, സ്ത്രീധനം ചോദിച്ചു വാങ്ങുന്ന ആളുകള്‍ക്കുമെതിരായ താക്കീതാണിതെന്നും ഗോവിന്ദന്‍ മാഷ് പറഞ്ഞു. സ്ത്രീധനത്തിനെതിരെ സമൂഹത്തില്‍ പൊതുബോധം ശക്തമായി രൂപപ്പെട്ടു വരണം. സ്ത്രീപക്ഷ നവകേരളം ക്യാമ്പയിനുമായി സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങിയിട്ടുണ്ടെന്നും ഗോവിന്ദന്‍ മാഷ് പറഞ്ഞു.

എംവി ഗോവിന്ദന്‍ മാഷ് പറഞ്ഞത്:

കേരള മന:സാക്ഷിയെ ഞെട്ടിച്ച വിസ്മയ സ്ത്രീധന പീഡന കേസില്‍ പ്രതി കിരണിന് കോടതി പത്തുവര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. ഇത് കേവലമൊരു വ്യക്തിക്കെതിരായ വിധിയല്ല. സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരായ പ്രതിരോധമാണ്. സ്ത്രീധനം ആഗ്രഹിച്ചു നടക്കുന്ന വിവാഹങ്ങള്‍ക്കും, സ്ത്രീധനം ചോദിച്ചു വാങ്ങുന്ന ആളുകള്‍ക്കുമെതിരായ താക്കീതാണ്.

വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായരുമായി ഇന്നലെ സംസാരിച്ചിരുന്നു. കേസില്‍ ഉടനീളം സര്‍ക്കാര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. പ്രതി കിരണ്‍ കുമാറിനെ നേരത്തെ തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടിട്ടുണ്ട്. പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിക്ക് ശിക്ഷ ഉറപ്പാക്കുവാന്‍ സാധിച്ച കേരള പൊലീസും മികച്ച ഇടപെടല്‍ നടത്തിയ പബ്ലിക് പ്രോസിക്യൂട്ടറും മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത്.

സ്ത്രീധനത്തിനെതിരെ സമൂഹത്തില്‍ പൊതുബോധം ശക്തമായി രൂപപ്പെട്ടു വരണം. സ്ത്രീപക്ഷ നവകേരളം ക്യാമ്പയിനുമായി സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ശക്തി പകരുന്നതും സമീപഭാവിയില്‍ തന്നെ സ്ത്രീധനത്തെ ഇല്ലായ്മ ചെയ്യുന്നതിനും വിസ്മയ കേസിലെ കോടതി വിധി സഹായകരമാകും. നമ്മുടെ പെണ്മക്കള്‍ നിര്‍ഭയരായി, സ്വയം പര്യാപ്തരായി വളരട്ടെ.


Next Story