'വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ന്യായീകരിക്കുന്നില്ല'; മന്ത്രി റിയാസിനെ വിളിച്ച് ഖേദം പ്രകടിപ്പിച്ചെന്ന് സാദിഖ് അലി ശിഹാബ് തങ്ങള്‍
10 Dec 2021 2:47 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുസ്ലീം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച റാലിയില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സാദിഖ് അലി ശിഹാബ് തങ്ങള്‍. ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് ഇക്കാര്യം സാദിഖ് അലി വ്യക്തമാക്കിയത്. ആരും വിമര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കതീതരല്ല. പക്ഷെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ തിരുത്തേണ്ടതുമാണ്. അതാരായാലും ചെയ്യണം. ആരോപണമുന്നയിച്ച വരെ വിളിച്ച് തിരുത്താന്‍ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നായിരുന്നു സാദിഖ് അലിയുടെ പോസ്റ്റിലെ വിശദീകരണം.
പോസ്റ്റ് പൂര്‍ണരൂപം-
ആരും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കതീതരല്ല,
പക്ഷെ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുമാണ്.
ഇന്നലെ കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ പ്രസംഗിച്ചവരില്‍ നിന്നും ചില വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വന്നത് ന്യായീകരിക്കുന്നില്ല.
അത്തരം പരാമര്‍ശത്തില്‍ ഖേദമുണ്ട്. തിരുത്തേണ്ടതുമുണ്ട്.
ആരോപണമുന്നയിച്ച വരെ വിളിച്ച് തിരുത്താന്‍ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നന്മകള്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക !
സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്
മുസ്ലീം ലീഗ് നേതാവ് അബ്ദുറഹ്മാന് കല്ലായിയായിരുന്നു കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സമ്മേളനത്തിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്. വിഷയം വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ അബ്ദുറഹ്മാന് കല്ലായിയും പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.