'കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ചു കയറി'; പി പി ഷൈജലിന് പിഎംഎ സലാമിന്റെ കാരണം കാണിക്കല്‍ നോട്ടീസ്
ഒരാഴ്ചയ്ക്കകം മറുപടി നല്‍കിയില്ലെങ്കില്‍ മറ്റു നടപടികളിലേക്ക് കടക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.
5 March 2022 3:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുസ്ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ചു കയറിയെന്നാരോപിച്ച് പിപി ഷൈജലിന് കാരണം കാണിക്കല്‍ നോട്ടീസ്. ലീഗ് സസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആണ് നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം മറുപടി നല്‍കിയില്ലെങ്കില്‍ മറ്റു നടപടികളിലേക്ക് കടക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഹരിത വിഷയത്തില്‍ നേതൃത്വനെതിരെ നിലപാടെടുത്ത ഷൈജലിനെ മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എംഎസ്എപ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പാര്‍ട്ടി നേരത്തെ പുറത്താക്കിയിരുന്നു.
അതേസമയം, കോടതി ഉത്തരവ് ഉണ്ടായിട്ടും എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് പി പി ഷൈജല്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. കല്‍പ്പറ്റ മുന്‍സിഫ് കോടതിയിലായിരുന്നു ഹര്‍ജി നല്‍കിയത്. എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കോടതി ഉത്തരവുണ്ടായിട്ടും പങ്കെടുപ്പിക്കാത്തതിനെ തുടര്‍ന്നാണ് ഹര്‍ജിയുമായി ഷൈജല്‍ കോടതിയെ സമീപിച്ചത്. സംരക്ഷണം ആവശ്യപ്പെട്ടിട്ടും അവസാന നിമിഷം പൊലിസ് പിന്മാറിയെന്ന ആരോപണവും ഷൈജല്‍ ഉന്നയിച്ചിരുന്നു. മുസ്ലീം ലീഗിന്റെ ആശയങ്ങള്‍ ഇഷ്ട്ടപ്പെട്ടാണ് ലീഗ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതെന്ന് വ്യക്തമാക്കിയ ഷൈജല്‍ ഒരിക്കലും പാര്‍ട്ടി വിട്ടു പോകില്ലെന്നും വ്യക്തമാക്കിയിരുന്നു.
മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോണങ്ങളുന്നയിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറിലാണ് എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ചായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നടപടി. ഹരിത വിഷയത്തില്‍ ലീഗ് നേതൃത്വത്തോട് പരസ്യമായി ഇടഞ്ഞ പിപി ഷൈജല്‍ ഗുരുതരമായ ആരോപണങ്ങളായിരുന്നു നേതൃത്വത്തിന് എതിരെ നിരന്തരം ഉയര്‍ത്തിയത്. പ്രളയ ഫണ്ട് വെട്ടിപ്പ്, നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി സിദ്ദിഖിനെ ഒരു വിഭാഗം ലീഗ് നേതാക്കള്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളും ഷൈജല്‍ ഉന്നയിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഷൈജലിനെതിരെ പാര്‍ട്ടി നടപടി കൈക്കൊണ്ടത്.
muslim league PMA Salam issues Show cause notice to PP Shijal