Top

'ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന സംഘപരിവാര്‍ സിദ്ധാന്തം അംഗീകരിക്കില്ല'; ഭാഷാപരമായ ഭ്രാന്ത് വൈവിധ്യത്തെ തകർക്കുമെന്ന് മുല്ലപ്പളളി

ആര്‍എസ്എസിന്റെ ജന്മശതാബ്ദി വര്‍ഷമായ 2025 അവര്‍ക്ക് നിര്‍ണ്ണായകമായാത് കൊണ്ടാണ് ഇത്ര ധൃതിയെന്നും മുല്ലപ്പളളി വിമർശിച്ചു

13 Oct 2022 12:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന സംഘപരിവാര്‍ സിദ്ധാന്തം അംഗീകരിക്കില്ല; ഭാഷാപരമായ ഭ്രാന്ത് വൈവിധ്യത്തെ തകർക്കുമെന്ന് മുല്ലപ്പളളി
X

കോഴിക്കോട്: ഹിന്ദി ഭാഷ തൊഴിൽ മേഖലയിലും വി​ദ്യാഭ്യാസ മേഖലകളിലും അടിച്ചേൽപ്പിക്കാനുളള കേന്ദ്ര സർക്കാർ നീക്കത്തെ വിമർശിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രൻ. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന സംഘപരിവാര്‍ സിദ്ധാന്തം ഒരിക്കലും അംഗീകരിക്കില്ല. ഭാഷാപരമായ ഭ്രാന്ത് ഒരു രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യവും സാഹോദര്യവും തകർക്കുമെന്നും മുല്ലപ്പളളി പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന് എതിരെ ശക്തമായ പ്രതിരോധം തീർക്കണം. ഒരിക്കലും ഇത് അംഗീകരിക്കില്ലെന്ന് ഉറക്കെ പറയണമെന്നും മുല്ലപ്പളളി രാമചന്ദ്രൻ വ്യക്തമാക്കി.

എംബിബിഎസ് പാഠപുസ്തകം ഹിന്ദിയിലാക്കിയ മധ്യപ്രദേശ് സർക്കാരിന്റെ നടപടി ആശങ്ക ഉയർത്തുന്നതാണ്. ഒക്ടോബർ 16ന് അമിത് ഷാ ഈ പാഠപുസ്തകങ്ങളുടെ പ്രകാശനം ഭോപ്പാലിൽ നടത്തുന്നമെന്നും മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു. 22 ഭാഷകള്‍ക്ക് തുല്യ പരിഗണനയെന്ന് ഭരണഘടനയുടെ 18-ാം അനുഛേദത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വസ്തുത ഇതായിരിക്കേ ആഭ്യന്തര മന്ത്രിയുടെ ധൃതി പിടിച്ച ശുപാര്‍ശ എന്തിനു വേണ്ടിയാണെന്നും മുല്ലപ്പളളി രാമചന്ദ്രൻ ചോദിച്ചു.

'ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ'. എന്തു വില കൊടുത്തും ഹിന്ദു രാഷ്ട്ര സംസ്ഥാപനമെന്ന സമ്മോഹന സ്വപ്ന സാക്ഷാല്‍ക്കാരത്തിലേക്കുള്ള പടപ്പുറപ്പാടാണ്. ആര്‍എസ്എസിന്റെ ജന്മശതാബ്ദി വര്‍ഷമായ 2025 അവര്‍ക്ക് നിര്‍ണ്ണായകമായാത് കൊണ്ടാണ് ഇത്ര ധൃതിയെന്നും മുല്ലപ്പളളി വിമർശിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ ഔദ്യോഗിക ഭാഷാ പാര്‍ല്ലമെന്റ് സമിതി കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകള്‍ ഹിന്ദിയിലെഴുതണമെന്ന് ശുപാര്‍ശ ചെയ്തിരിക്കയാണ്. ഇംഗ്ലീഷില്‍ പരീക്ഷയെഴുതാന്‍ പാടില്ലെന്ന ശുപാര്‍ശ ആലോചിച്ച് ഉറപ്പിച്ച ഒരു പദ്ധതിയുടെ ഭാഗമായേ കാണാന്‍ കഴിയുകയുള്ളൂ. ഇത് ദേശീയ ഐക്യത്തിനും സാഹോദര്യത്തിനുമേറ്റ കനത്ത ആഘാതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഐടി, ഐഐഎം, കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെല്ലാം പരീക്ഷകള്‍ ഹിന്ദിയിലായിരിക്കുമെന്ന നിബന്ധന പതിനായിരക്കണക്കിന് അഹിന്ദി പ്രദേശത്തെ വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കും. ഇത് അത്യന്തം അപകടകരമാണെന്നും മുല്ലപ്പളളി ചൂണ്ടിക്കാട്ടി.

1965 ല്‍ തമിഴ്‌നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ സമരത്തിന്റെ തീക്ഷ്ണത മറക്കാന്‍ കഴിയില്ലെന്ന് മുല്ലപ്പളളി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഇക്കാര്യം രണ്ടു ദിവസം മുമ്പ് വീണ്ടും ഓര്‍മ്മിപ്പിച്ചു. അഹിന്ദി പ്രദേശങ്ങളില്‍ ഹിന്ദിയെ പൂര്‍ണ്ണമായി അംഗീകരിക്കുന്നത് വരെ ഇംഗ്ലീഷും തുടരുമെന്ന് പ്രധാനമന്ത്രി നെഹ്‌റു നല്‍കിയ ഉറപ്പും ഏറെ പ്രസക്തമായിരുന്നു. അതിന്റെ ന​ഗ്നമായ ലംഘനം കൂടിയാണ് അമിത് ഷായുടെ ശുപാര്‍ശകള്‍. ഇത് തല തിരിഞ്ഞ തീരുമാനമാണെന്നും മുല്ലപ്പളളി വിമർശിച്ചു.

STORY HIGHLIGHTS: Mullappalli ramachandran says Sangh Parivar theory of Hindu, Hindi and Hindustan will not be accepted

Next Story