മുല്ലപ്പെരിയാർ മരംമുറി: ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നതായി വനം പ്രിൻസിപ്പൽ സെക്രട്ടറി
ഉദ്യോഗസ്ഥതലത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു
15 Nov 2021 2:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുല്ലപ്പെരിയാർ മരംമുറിയുമായി ബന്ധപ്പെട്ട് ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നതായി വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിങ്, ചീഫ് സെക്രട്ടറി വി.പി. ജോയിയെ അറിയിച്ചു. കേന്ദ്ര ജലകമ്മിഷൻ പ്രതിനിധി, തമിഴ്നാട് പൊതുമരാമത്തു സെക്രട്ടറി എന്നിവരും അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നു. സെക്രട്ടറിതല ചർച്ചകൾ സംബന്ധിച്ച വിശദാംശങ്ങൾ 2017 മുതൽ ബന്ധപ്പെട്ട മന്ത്രിമാരുടെ ശ്രദ്ധയിൽ കൊണ്ടുവരാറില്ലായിരുന്നെന്നും ചീഫ് സെക്രട്ടറിക്ക് വിശദീകരണം നൽകിയതായാണ് സൂചന.
ഉദ്യോഗസ്ഥതലത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. സെക്രട്ടറിമാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറും. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചകൾ സംഭവിച്ചതായാണ് സർക്കാർ വിലയിരുത്തൽ. സംഭവത്തിൽ വിശദാന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടേക്കുo.
മരം മുറിക്കാനുള്ള അനുമതി നല്‍കാനുള്ള നീക്കത്തിന് മാസങ്ങളുടെ പഴമുണ്ടെന്നാണ് പുതിയ രേഖകള്‍ വ്യക്തമാക്കുന്നത്. ഇ ഫയല്‍ രേഖകള്‍ പ്രകാരം മരം മുറിക്കാനുള്ള ഫയല്‍ സെക്രട്ടേറിയേറ്റിര് രൂപം കൊണ്ട് അഞ്ചു മാസമായെന്നാണ് വ്യക്തമാവുന്നത്. തമിഴ്നാടിന്റെ അപേക്ഷയില്‍ ജല വിഭവ വകുപ്പും വനം വകുപ്പും ഇ ഫയല്‍ പരിഗണിച്ചതായും തെളിവുകള്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇത് സംബന്ധിച്ച ഫയല്‍ വനം വകുപ്പില്‍ നിന്നും ജലവിഭവ വകുപ്പിലെത്തിയത്.