Top

മരം മുറി: ഉത്തരവിന് സില്‍വല്‍ ലൈനിനേക്കാള്‍ വേഗമെന്ന് പ്രതിപക്ഷം; തമിഴ്‌നാടുമായി ഒത്തുകളിക്കേണ്ട കാര്യമില്ലെന്ന് വനം മന്ത്രി

വകുപ്പിന് കീഴില്‍ ഒരു ഉത്തരവ് ഇറങ്ങുമ്പോള്‍ അതറിയാത്ത മന്ത്രി എന്തിന് ആ കസേരയില്‍ ഇരിക്കുന്നു

8 Nov 2021 5:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മരം മുറി: ഉത്തരവിന് സില്‍വല്‍ ലൈനിനേക്കാള്‍ വേഗമെന്ന് പ്രതിപക്ഷം; തമിഴ്‌നാടുമായി ഒത്തുകളിക്കേണ്ട കാര്യമില്ലെന്ന് വനം മന്ത്രി
X

മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപമുള്ള മരങ്ങള്‍ മുറിയ്ക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വല്‍ ലൈനിനേക്കാള്‍ വേഗത്തിലെത്ത് പ്രതിപക്ഷം. നിയമസഭയില്‍ അടിയന്തര പ്രമേയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു വിഷയത്തില്‍ സര്‍ക്കാറിനെ പരിഹസിച്ച് രംഗത്ത് എത്തിയത്. ഒക്ടോബര്‍ 30 ന് മരം മുറിക്കാന്‍ അപേക്ഷ നല്‍കിയത്. നവംബര്‍ ഒന്നിന് യോഗം ചേര്‍ന്ന് അഞ്ചാം തീയ്യതി ഉത്തരവിറങ്ങുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സില്‍വര്‍ ലൈനിനേക്കാള്‍ വേഗത്തിലായിരുന്നു നടപടി ക്രമങ്ങള്‍ എന്ന തിരുവഞ്ചൂരിന്റെ പരിഹാസം.

മന്ത്രി അറിയാതെ ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കി എന്ന വാദം അവിശ്വസനീയമാണെന്ന് ചൂണ്ടിക്കാട്ടിയ തിരുവഞ്ചൂര്‍ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയുമെന്നാണ് കരുതിയത് എന്നും അദ്ദേഹം വ്യക്തമാക്കി. വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ വൈസ് ചെയര്‍മാനാണ് വനം മന്ത്രിയെന്നും അതിന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണെന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു പ്രതികരണം. വിവാദത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട തിരുവഞ്ചൂര്‍ ഉത്തരവ് റദ്ദാക്കണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കുകയാണ് ചെയ്തത് റദ്ദാക്കാന്‍ എന്തിനാണ് സര്‍ക്കാറിന് കൈവിറയ്ക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍, സുപ്രീം കോടതിയിലെ നിലപാടിന് വിരുദ്ധമായ ഒരു ഉത്തരവും നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ വനം മന്ത്രി എകെ ശശീന്ദ്രന്‍ പുതിയ ഡാം എന്നതാണ് സര്‍ക്കാര്‍ നിലപാട് എന്നും ആവര്‍ത്തിച്ചു. ബേബി ഡാമിന്റെ പരിസരത്തെ 23 മരങ്ങള്‍ മുറിക്കാനാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത് ഇറങ്ങിയ ഉത്തരവില്‍ എന്നാല്‍ 15 മരങ്ങള്‍ മുറിക്കാന്‍ ആണ് അനുമതി നല്‍കിയത്. മരം മുറിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും വന്യ ജീവി ബോര്‍ഡിന്റെയും അനുമതി ആവശ്യമാണ്. ഈ അനുമതി തമിഴ്‌നാട് ഹാജരാക്കിയിട്ടില്ല അതിനാല്‍ മരം മുറിക്കാന്‍ കഴിയില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, പുതിയ ഉത്തരവില്‍ ഒത്തുകളിയെന്ന തിരുവഞ്ചൂരിന്റെ പരോക്ഷ ആരോപണത്തിന് മറുപടി പറഞ്ഞ വനം മന്ത്രി തമിഴ്‌നാടുമായി ഒത്തു കളിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും സഭയില്‍ വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ വിഷയത്തിലെ സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ ഓര്‍ക്കണം. കേരളം യുഡിഎഫ് ഭരിച്ചിരുന്ന കാലത്ത് സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി നേരിട്ടെന്നും മന്ത്രി അറിയിച്ചു. വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതി ഇല്ലാതെയാണ് ഉത്തരവ് ഇറക്കിയതെന്ന് ആവര്‍ത്തിച്ച വനം മന്ത്രി ഇക്കാര്യം ശ്രദ്ധയില്‍പെട്ടപ്പോള്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിച്ചെന്നും ചൂണ്ടിക്കാട്ടി. മന്ത്രിയുടെ മറുപടിയോടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

വകുപ്പിന് കീഴില്‍ ഒരു ഉത്തരവ് ഇറങ്ങുമ്പോള്‍ അതറിയാത്ത മന്ത്രി എന്തിന് ആ കസേരയില്‍ ഇരിക്കുന്നു എന്നായിരുന്നു വിഷയത്തില്‍ സംസാരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ചോദ്യം. രാഷ്ട്രീയ നേതൃത്വത്തിന്റെ അനുമതി ഇല്ലാതെ തീരുമാനം എടുക്കില്ല, മന്ത്രി അറിയാതെ ഉത്തരവ് ഇറങ്ങില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Next Story