Top

മോഫിയയുടെ മരണം; ആലുവ സിഐ സുധീർ കുമാറിനെ സ്ഥലംമാറ്റി

24 Nov 2021 10:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഫിയയുടെ മരണം; ആലുവ സിഐ സുധീർ കുമാറിനെ സ്ഥലംമാറ്റി
X

ഗാര്‍ഹിക പീഡനത്തെതുടര്‍ന്ന് നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിഐ സുധീർ കുമാറിനെ സ്ഥലം മാറ്റി. പൊലീസ് ഹെഡ്ക്വാട്ടേഴ്സിലേക്കാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരിക്കുന്നത്. കേസില്‍ എറണാകുളം ഡിഐജി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സ്ഥലം മാറ്റം അംഗീകരിക്കില്ലെന്നാണ് ആലുവ സ്റ്റേഷനില്‍ സമരം തുടരുന്ന മോഫിയയുടെ കുടുംബത്തിന്റെയും യുഡിഎഫിന്റെയും തീരുമാനം.

അതേസമയം, ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ പൊലീസ് സ്റ്റേഷന്‍ ഉപരോധത്തില്‍ സമരക്കാരെ അറസ്റ്റുചെയ്ത് നീക്കി. എന്നാല്‍, ബെന്നി ബെഹന്നാന്‍, അന്‍വർ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തില്‍ 75ഓളം കോണ്‍ഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം തുടരുകയാണ്.

നേരത്തെ ആരോപണവിധേയനായ ആലുവ സിഐ സുധീറിനെ ചുമതലയില്‍ നിന്ന് മാറ്റിയെന്നായിരുന്നു റിപ്പോർട്ട് പുറത്തുവന്നത്. എന്നാല്‍ ഈ നടപടി നിഷേധിച്ച് എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക് തന്നെ രംഗത്തെത്തി. സുധീറിനെ മാറ്റുന്നത് സംബന്ധിച്ച് മേലുദ്യോഗസ്ഥരുമായി സംസാരിക്കുമെന്നായിരുന്നു എസ്പിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ് പുറത്തുവരുന്നത്.

'ആലുവ സിഐ സുധീറിനെ ചുമതലയില്‍ നിന്നും മാറ്റിയിട്ടില്ല. കേസ് അന്വേഷണവുമായി ഇന്‍സ്‌പെക്ടര്‍ക്ക് ഏതൊരു ബന്ധവുമില്ല. ചുമതലയില്‍ നിന്ന് മാറ്റികൊണ്ടുളള ഉത്തരവ് ഇതുവരെ വന്നിട്ടില്ല. ആലുവ ഡിവൈഎസ്പി അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്. ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഉന്നയിച്ചിട്ടുളള ആരോപണങ്ങളിലും വിശദമായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.' എന്നുമായിരുന്നു എസ്പിയുടെ പ്രതികരണം.

ഇക്കഴിഞ്ഞ നവംബർ 23 നാണ് ഭർതൃവീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ നിയമവിദ്യാർത്ഥിയായ മോഫിയയെ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാരുമായി ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇരുപത്തിയൊന്നുകാരിയെ സ്വന്തം വിട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത് എന്നണ് വിവരം. ആത്മഹത്യ കുറിപ്പിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. ഭര്‍തൃവീട്ടുകാര്‍ക്ക് പുറമെ ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ട്. യുവതിയുടെ പരാതിയില്‍ ഇന്നലെ മോഫിയയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെ വിളിച്ച് വരുത്തി പൊലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്നാണ് ആരോപണം.

വിവാഹ ശേഷം 40 ലക്ഷം രൂപ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നതായി മോഫിയ പര്‍വിന്റെ പിതാവും മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസിനെതിരെ യുവതി ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചതിന് സമാനമായ പരാമര്‍ശം പിതാവും മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതി നല്‍കാനെത്തിയപ്പോള്‍ സിഐ മോശമായി സംസാരിച്ചെന്നും മോഫിയയുടെ പിതാവ് ആരോപിച്ചു.

കോതമംഗലത്തേക്കായിരുന്നു യുവതിയെ വിവാഹം കഴിച്ചയച്ചത്. ഏപ്രില്‍ മൂന്നിനായിരുന്നു വിവാഹം. സ്ത്രീധനമായി ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. ഇയാള്‍ക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. സിനിമ പിടിക്കണം എന്നെല്ലാം പറഞ്ഞ് നാല്‍പത് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ മാനസികമായും ശാരീരികമായും ഏറെ പീഡനങ്ങള്‍ മകള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതിന്റെ പേരില്‍ മോഫിയ വീട്ടിലേക്ക് തിരിച്ചെത്തുകയും സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി വനിതാ കമ്മീഷന് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നതായും പിതാവ് പ്രതികരിച്ചു.



Next Story

Popular Stories