Top

വിനോദയാത്രയ്ക്ക് കരുതിയ പണം ബസില്‍ മോഷ്ടിക്കപ്പെട്ടു; തിരികെ ലഭിച്ചതോടെ പരാതിയില്ലെന്ന് വിദ്യാര്‍ത്ഥിനി

വയനാട്ടിലേക്കുള്ള വിനോദയാത്രയ്ക്കായി വീട്ടില്‍ നിന്നും കോളേജിലേക്ക് ഇറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥിനി

27 March 2022 3:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിനോദയാത്രയ്ക്ക് കരുതിയ പണം ബസില്‍ മോഷ്ടിക്കപ്പെട്ടു; തിരികെ ലഭിച്ചതോടെ പരാതിയില്ലെന്ന് വിദ്യാര്‍ത്ഥിനി
X

ഇടുക്കി: കോളേജില്‍ നിന്നും വിനോദയാത്രയ്ക്ക് പോകാനിറങ്ങിയ വിദ്യാര്‍ത്ഥിനിയുടെ പണം സഹയാത്രക്കാരി മോഷ്ടിച്ചു. കട്ടപ്പനയില്‍ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലായിരുന്നു സംഭവം. മോഷ്ടിച്ച തുക തിരികെ നല്‍കിയതോടെ വിദ്യാര്‍ത്ഥിനി പരാതി നല്‍കാതെ പിന്മാറി. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

വയനാട്ടിലേക്കുള്ള വിനോദയാത്രയ്ക്കായി വീട്ടില്‍ നിന്നും കോളേജിലേക്ക് ഇറങ്ങിയതായിരുന്നു അറക്കുളം സെന്റ് ജോസഫ്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനി. കുളമാവില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കയറിയ വിദ്യാര്‍ത്ഥിനി തന്റെ ബാഗ് സീറ്റില്‍ ഇരിക്കുകയായിരുന്ന സ്ത്രീയെ ഏല്‍പ്പിച്ചു. കണ്ടക്ടര്‍ എത്തിയപ്പോള്‍ ബാഗില്‍ നിന്നും പണമെടുത്ത് ടിക്കറ്റെടുത്ത ശേഷം വിദ്യാര്‍ത്ഥിനി ബാക്കി തുക ബാഗില്‍ തിരികെ വെച്ചു.

അറക്കുളം അശോക ജംഗ്ഷനില്‍ ബസ് എത്തിയപ്പോള്‍ സ്ത്രീ അവിടെ ഇറങ്ങുകയായിരുന്നു. ബസില്‍ യാത്ര തുടര്‍ന്ന വിദ്യാര്‍ത്ഥിനി സംശയം തോന്നിയപ്പോള്‍ ബാഗ് പരിശോധിക്കുകയും പണം നഷ്ടപ്പെട്ടതായി കണ്ടെത്തുകയുമായിരുന്നു. വിനോദയാത്രയ്ക്കായി കയ്യില്‍ കരുതിയ 7000 രൂപയായിരുന്നു മോഷ്ടിക്കപ്പെട്ടത്. ഇത് മനസ്സിലാക്കിയ വിദ്യാര്‍ത്ഥിനി ബഹളംവെച്ചു. ഇതോടെ ഡ്രൈവര്‍ പൊലീസില്‍ വിവരമറിയിക്കുകയും നാട്ടുകാരും യാത്രക്കാരും അശോക ജംഗ്ഷനില്‍ ഇറങ്ങിയ സ്ത്രീയെത്തേടി ഇവിടെയെത്തുകയുമായിരുന്നു. ഇവര്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വെച്ച് പണം എണ്ണുന്നത് സമീപത്തെ കടയിലെ സ്ത്രീയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇക്കാര്യം അറിയിച്ചതോടെ മോഷ്ടാവായ സത്രീയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

എന്നാല്‍, ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. വനിത പൊലീസ് എത്തി ബാഗ് പരിശോധിച്ചപ്പോള്‍ പണം ഇവരുടെ കയ്യില്‍ നിന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും പണം തിരികെ കിട്ടിയതോടെ പരാതിയില്ലെന്ന് വിദ്യാര്‍ത്ഥി അറിയിച്ചതോടെ ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

STORY HIGHLIGHTS: Money intended for travel was stolen on a bus; The student did not complain when she got it back

Next Story