ഹാര്‍ഡ് ഡിസ്കില്‍ 3 മണി മുതലുള്ള ദൃശ്യങ്ങള്‍ അപ്രത്യക്ഷം; ക്യാമറ ഓഫ് ചെയ്തതാവാമെന്ന് സംശയം
രണ്ട് ഹാര്‍ഡ് ഡിസ്ക്കുകളാണ് റോയ് പൊലീസിന് മുന്നില്‍ ഹാജരാക്കേണ്ടിയിരുന്നത്
18 Nov 2021 4:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ അറസ്റ്റിലായ ഹോട്ടല്‍ നമ്പര്‍ 18 ഉടമ റോയ് വയലാട്ടില്‍ ഹാജരാക്കിയ ഹാര്‍ഡ് ഡിസ്കില്‍ ദൃശ്യങ്ങള്‍ പൂര്‍ണമായും ഇല്ല. ഡിജെ പാര്‍ട്ടി നടന്ന ഒക്ടോബര്‍ 31 ആം തിയതി വൈകുന്നേരം 3 മണി മുതലുള്ള ദൃശ്യങ്ങളാണ് ഹാര്‍ഡ് ഡിസ്കില്‍ നിന്നും നശിപ്പിച്ചത്.
രണ്ട് ഹാര്‍ഡ് ഡിസ്ക്കുകളാണ് റോയ് പൊലീസിന് മുന്നില്‍ ഹാജരാക്കേണ്ടിയിരുന്നത്. ഇതില്‍ ഒന്നില്‍ ഹോട്ടലിന്റെ ഹാളിലേയും പാര്‍ക്കിംഗ് ഗ്രൗണ്ടിലേയും ദൃശ്യങ്ങളാണ്. ഈ ഹാര്‍ഡ് ഡിസ്കാണ് ഹോട്ടല്‍ ജീവനക്കാരായ വിഷണു കുമാര്‍, എംബി മെല്വിന് എന്നിവര്‍ റോയിയുടെ നിര്‍ദേശ പ്രകാരം കായലില്‍ എറിഞ്ഞ് നശിപ്പിച്ചത്.
മറ്റൊന്നില്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച ഹാളിലെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇത് റോയ് പൊലീസിന് മുന്നില്‍ ഹാരജാക്കിയെങ്കിലും അതില്‍ അപകടം നടന്ന ദിവസത്തെ പൂര്‍ണ്ണമായ ദൃശ്യങ്ങള്‍ ഇല്ല. മൂന്ന് മണി തൊട്ടുള്ള ദൃശ്യങ്ങളാണ് അപ്രത്യക്ഷമായത്. ദൃശ്യങ്ങള്‍ മായ്ച്ചുകളയുകയോ അല്ലെങ്കില്‍ സിസിടിവി ക്യാമറ ഓഫ് ചെയ്തതോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം.
തെളിവുകള്‍ നശിപ്പിച്ചെന്ന കേസില്‍ ഇന്നലെ അറസ്റ്റിലായ റോയ് ഉള്‍പ്പെടെയുള്ളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റോയ് വയലാട്ട്, എസ് വിഷ്ണു കുമാര്‍, എംബി മെല്വിന്, ലിന്സണ് റെയ്നോള്‍ഡ്, ജിഎ ഷിജുലാല്‍, കെകെ അനില്‍ എന്നിവരാണ് അറസ്റ്റിലായത്.
- TAGS:
- Model death
- roy vayalat
- KOCHI