Top

'പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച മുന്നേറ്റം'; സാക്ഷരത മിഷനിലൂടെ വിജയം കൈവരിച്ച 68 കാരിക്കും മകനും അഭിനന്ദനവുമായി മന്ത്രി ശിവന്‍കുട്ടി

മുല്ലശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സാക്ഷരതാ തുല്യതാ പഠന കേന്ദ്രത്തിലെ പഠിതാക്കള്‍ ആണ് ഇരുവരും.

20 Oct 2021 1:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച മുന്നേറ്റം; സാക്ഷരത മിഷനിലൂടെ വിജയം കൈവരിച്ച 68 കാരിക്കും മകനും അഭിനന്ദനവുമായി മന്ത്രി ശിവന്‍കുട്ടി
X

സാക്ഷരത മിഷനിലൂടെ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ തുല്യതാ പരീക്ഷയില്‍ വിജയം കൈവരിച്ച തൃശ്ശൂര്‍ മുല്ലശ്ശേരി അന്നകര വടുക്കൂട്ട് വീട്ടില്‍ 68 കാരി ലില്ലി ആന്റണിക്കും ഒന്നാം വര്‍ഷ തുല്യതാ പരീക്ഷയെഴുതി പാസായ മകന്‍ 39 കാരന്‍ മനോജിനും അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ചാണ് ഇരുവരുടെയും വിജയമെന്നും ഇത് നിരവധിപേര്‍ക്ക് പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു. മുല്ലശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സാക്ഷരതാ തുല്യതാ പഠന കേന്ദ്രത്തിലെ പഠിതാക്കള്‍ ആണ് ഇരുവരും.

ശാരീരിക അവശതകള്‍ മൂലം ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തിയതാണ് മനോജ്. അമ്മ ലില്ലിയുടെ പ്രോത്സാഹനത്തെ തുടര്‍ന്ന് സാക്ഷരതാ മിഷന്‍ തുല്യതാ പഠനത്തിലൂടെ തന്നെ ഏഴാം തരവും പത്താം തരവും വിജയിച്ചിരുന്നു. മകന്‍ പ്ലസ് വണ്ണിന് ചേര്‍ന്നതോടെ 1972-ല്‍ ഉയര്‍ന്ന മാര്‍ക്കോടെ എസ്എസ്എല്‍സി പാസായ ലില്ലിയും തുടര്‍പഠനത്തിന് തയ്യാറാകുകയായിരുന്നു. ലില്ലി ആന്റണിയേയും മകന്‍ മനോജിനേയും മന്ത്രി ശിവന്‍കുട്ടി അഭിനന്ദിച്ചു. ഇരുവരും നിരവധി പേര്‍ക്ക് പ്രചോദനമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി തുടര്‍പഠനത്തിന് ആഗ്രഹം പ്രകടിപ്പിക്കുന്ന ലില്ലി ആന്റണി ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശിച്ചു. ഇരുവരേയും അഭിനന്ദിച്ച് മന്ത്രി കത്തയച്ചു.

Next Story