Top

'ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല'; എംജി യുണിവേഴ്‌സിറ്റി കൈക്കൂലിയില്‍ മന്ത്രി ആര്‍ ബിന്ദു

31 Jan 2022 6:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല; എംജി യുണിവേഴ്‌സിറ്റി കൈക്കൂലിയില്‍ മന്ത്രി ആര്‍ ബിന്ദു
X

എംജി സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ത്ഥിനിയില്‍ നിന്നും കൈകൂലി ആവശ്യപ്പെടുന്ന പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സേവനസൗകര്യങ്ങള്‍ക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങളില്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ എംജി സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

അടിയന്തരമായി റിപ്പോർട്ട് നൽകാനും നടപടിക്കും രജിസ്ട്രാറോട് ആവശ്യപ്പെടാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി.

ശനിയാഴ്ചയായിരുന്നു പോസ്റ്റ് കറക്ഷന്‍ എന്ന നടപടിയിലൂടെ പരീക്ഷാഭവന്‍ പിഴവുകള്‍ തിരുത്തുന്നതിന്റെ മറവില്‍ വിദ്യാര്‍ഥിനിയെ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി കൈക്കൂലി ആവശ്യപ്പെട്ട സെക്ഷന്‍ അസിസ്റ്റന്റ് എല്‍സി സിജെയെ വിജിലന്‍സ് പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജിലന്‍സ് നടപടികള്‍ പുരോഗമിക്കെയാണ് മന്ത്രിയുടെ പ്രതികരണം പുറത്ത് വരുന്നത്.

കൈകൂലി വാങ്ങിയ സെക്ഷന്‍ അസിസ്റ്റന്റ് എല്‍സി സിജെ പണമാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനിയുമായി നടത്തിയ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയോട് നല്‍കാന്‍ ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനാണെന്ന് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമായതിന്റ അടിസ്ഥനത്തിലാണ് വിജിലന്‍സ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

അതിനിടെ എല്‍സിയുടെ നിയമനം സംബന്ധിച്ചും വിവാദമുയര്‍ന്നിട്ടുണ്ട്. എല്‍സിയെ നിയമിക്കാന്‍ ഇടതു സംഘടനയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് ആരോപണം. ഇതു സംബന്ധിച്ച കത്തും പുറത്തു വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമന രേഖകള്‍ എംജി സിന്‍ഡികേറ്റ് പരിശോധിക്കും. എല്‍സിയുടെ ബിരുദത്തെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കും.

തസ്തിക മാറ്റം വഴിയുളള അസിസ്റ്റന്റ് നിയമനത്തില്‍ താഴ്ന്ന സ്‌കെയിലിലുളള എല്ലാ ജീവനക്കാരേയും പരി?ഗണിക്കണമെന്നാവശ്യപ്പെട്ട് 2016 ജൂലൈയില്‍ ഇടതു സംഘടന എംജി വിസിക്ക് നല്‍കിയ കത്താണ് പുറത്തുവന്നിട്ടുളളത്. സര്‍വകലാശാല സര്‍വീസ് സംഘടനകളുടെ ആവശ്യപ്രകാരം ആകെയുള്ള അസിസ്റ്റന്റ് ഒഴിവിന്റെ രണ്ടു ശതമാനത്തില്‍ താഴ്ന്ന സ്‌കെയിലിലുളളവരെ പ്രമോഷന്‍ വഴി നിയമിക്കണമെന്ന് തീരുമാനമായിരുന്നു. പിന്നീടത് നാലു ശതമാനമായി ഉയര്‍ത്തുകയായിരുന്നു.

2017 ല്‍ പുതുക്കിയ ഉത്തരവ് നിലവില്‍ വന്നു. ഇതു പ്രകാരമാണ് എല്‍സിക്ക് നിയമനം ലഭിച്ചത്. 2016ല്‍ പിയൂണ്‍ തസ്തികയില്‍ നിയമനം ലഭിച്ചപ്പോള്‍ എല്‍സിക്ക് എസ്എസ്എല്‍സി യോ?ഗ്യതയുണ്ടായിരുന്നില്ല. പിന്നീട് അസിസ്റ്റന്റായി നിയമനം ലഭിച്ചപ്പോള്‍ എസ്എസ്എല്‍സി- പ്ലസ്ടു തത്തുല്യയോഗ്യതയും എംജിയില്‍ നിന്ന് റെഗുലര്‍ ബിരുദവും എല്‍സി സ്വന്തമാക്കിയിരുന്നു. അതേസമയം അസിസ്റ്റ്ന്റ് നിയമനത്തിനായി പിഎസ് സി നടത്തുന്ന വകുപ്പ് തല പരീക്ഷ എല്‍സി വിജയിച്ചിരുന്നില്ല. താരതമ്യേനെ എളുപ്പമായ ഈ പരീക്ഷ റെഗുലര്‍ ബിരുദമുളളയാള്‍ പസാകാത്തത് സംശയത്തോടെയാണ് വിജിലന്‍സ് നോക്കികാണുന്നത്. വരും ദിവസങ്ങളില്‍ എല്‍സി സിജെയുടെ ബിരുദവും നിയമനവും പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം.

Next Story