Top

'കെറെയില്‍ സമരത്തിലെ കരച്ചില്‍ എങ്ങനെ ഉണ്ടായി'; ദൃശ്യങ്ങള്‍ മൂന്ന് തവണ സാവധാനം കണ്ടാല്‍ മതിയെന്ന് മന്ത്രി രാജീവ്

മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം പദ്ധതികള്‍ക്ക് അനുകൂല നിലപാടാണ് കെറെയിലിനെ എതിര്‍ക്കുന്നവര്‍ ചെയ്യുന്നത്.

22 March 2022 8:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെറെയില്‍ സമരത്തിലെ കരച്ചില്‍ എങ്ങനെ ഉണ്ടായി; ദൃശ്യങ്ങള്‍ മൂന്ന് തവണ സാവധാനം കണ്ടാല്‍ മതിയെന്ന് മന്ത്രി രാജീവ്
X

കെറെയില്‍ സമരത്തിനിടയിലെ കരച്ചില്‍ എങ്ങനെ ഉണ്ടായെന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് മന്ത്രി പി രാജീവ്. ദൃശ്യങ്ങള്‍ സാവധാനം പരിശോധിച്ചാല്‍ പ്രതിഷേധം ഉണ്ടായതിന്റെ കാരണം മനസിലാകുമെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി രാജീവ് നല്‍കിയത്.

''സില്‍വര്‍ ലൈനിലില്‍ കേരള വിരുദ്ധ മുന്നണി രൂപം കൊണ്ടിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം പദ്ധതികള്‍ക്ക് അനുകൂല നിലപാടാണ് കെറെയിലിനെ എതിര്‍ക്കുന്നവര്‍ ചെയ്യുന്നത്. പക്ഷെ കേരളത്തിലെ പദ്ധതികളെ ഇവര്‍ എതിര്‍ക്കുകയാണ്. ഇത് കേരളത്തിനെതിരായ നിലപാടാണ്. സംഘര്‍ഷത്തിന് സര്‍ക്കാര്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. മാധ്യമങ്ങളില്‍ വന്ന വീഡിയോകള്‍ സാവധാനം രണ്ട് മൂന്ന് തവണ കണ്ടാല്‍ മതി. എങ്ങനെയാണ് സംഘര്‍ഷം ഉണ്ടായതെന്ന് മനസിലാകും. എങ്ങനെയാണ് കരയുന്നതെന്നും എങ്ങനെയാണ് ബഹളമുണ്ടാകുന്നതെന്നും വീഡിയോകള്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാകും.''-പൂര്‍ണ്ണമായും നഷ്ടപരിഹാരം കൈമാറിയതിന് ശേഷം മാത്രമേ സ്ഥലം ഏറ്റെടുക്കൂയെന്നും പി രാജീവ് പറഞ്ഞു.

'യുഡിഎഫ് സമരം നടത്തട്ടേ, തല്ല് കിട്ടും, കല്ല് വേറെ ഉണ്ടാക്കും'

സില്‍വര്‍ ലൈനിനെതിരെ നടക്കുന്ന സമരമെല്ലാം രാഷ്ട്രീയ സമരമാണെന്ന് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റായ പ്രചരണം നടത്തിയാണ് പ്രതിപക്ഷം ജനങ്ങളെ സമരരംഗത്തിറക്കുന്നത്. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. നഷ്ടപരിഹാരം പൂര്‍ണമായി നല്‍കിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂയെന്നും കോടിയേരി പറഞ്ഞു. ഇടതുമുന്നണി ഭരിക്കുമ്പോള്‍ കേരളത്തില്‍ ഒന്നും സമ്മതിക്കില്ലെന്നതാണ് നിലപാടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

കോടിയേരി പറഞ്ഞത്: ''ഭൂമി നഷ്ടമാകുന്നവരുടെ പ്രശ്‌നം സര്‍ക്കാര്‍ പ്രത്യേകം പരിഗിണിക്കും. നഷ്ടപരിഹാരം നല്‍കിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ. അതിന് മുന്‍പ് ആരുടെയും ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നില്ല. തെറ്റായ പ്രചരണം നടത്തി ആളുകളെ കബളിപ്പിച്ച് സമരരംഗത്ത് ഇറക്കുകയാണ് യുഡിഎഫ്. സാമൂഹിക ആഘാത പഠനത്തിന് വേണ്ടിയുള്ള കല്ലിടലാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് നടത്തിയാല്‍ മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കാന്‍ സാധിക്കൂ. പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.''

''കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. സര്‍വ്വേ നടത്താനുള്ള അനുമതിയും ഡിപിആര്‍ തയ്യാറാക്കാനുള്ള അനുമതിയും, പാരിസ്ഥിതിക ആഘാത പഠനത്തിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയും ഇത് അംഗീകരിച്ചിട്ടുള്ളതാണ്.''

''വിമോചന സമരമൊന്നും ഇവിടെ നടക്കില്ല, ആ കാലമൊക്കെ മാറിപ്പോയി. അതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെങ്കില്‍ അത് നടക്കില്ലെന്നാണ് ഇന്നലെ പറഞ്ഞത്. സമരത്തിലേക്ക് ആര് നുഴഞ്ഞ് കയറിയിട്ടുണ്ടെങ്കിലും അവരുടെ ലക്ഷ്യം നടക്കാന്‍ പോകുന്നില്ല. ഇന്നലെ നടത്തിയത് സത്യത്തില്‍ അടി കിട്ടേണ്ട പ്രതിഷേധമാണ്. കളക്ടറേറ്റിന്റെ അകത്ത് കയറി കല്ലിട്ടതൊന്നും അംഗീകരിക്കാനാകില്ല. പൊലീസ് ഇവിടെയൊക്കെ സംയമനം പാലിക്കുകയാണ് ചെയ്തത്. ജനങ്ങള്‍ക്കെതിരായുള്ള യുദ്ധമല്ല സര്‍ക്കാര്‍ ലക്ഷ്യം. അതുകൊണ്ടാണ് ഇന്നലെ സംയമനം പാലിച്ചത്.''

''അവര്‍ എല്ലാ സ്ഥലത്തും സമരം നടത്തട്ടേ. തല്ല് കിട്ടും, കല്ല് വേറെ ഉണ്ടാക്കും. അവര്‍ എടുത്തേണ്ട് പോയാലും കേരളത്തില്‍ കല്ലിന്റെ ക്ഷമമില്ല. കേരളത്തില്‍ കല്ലില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ട് വന്നിട്ടെങ്കിലും കല്ലിടും. അതിന്റെ മുന്നില്‍ കീഴടങ്ങാനൊന്നും സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ല.'' കോടിയേരി പറഞ്ഞു.

Next Story