Top

'ഒരു ഫയലും കെട്ടികിടക്കരുത്'; തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥർക്ക് മന്ത്രി എം.വി ഗോവിന്ദൻറെ നിർദേശം

ഓരോ ഫയലും അതുമായി ബന്ധപ്പെട്ട വ്യക്തിയും ഉദ്യോഗസ്ഥനും തമ്മിലുള്ള വൈകാരിക ബന്ധം അടയാളപ്പെടുത്തുന്നത് കൂടിയാണ്.

21 Feb 2022 11:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു ഫയലും കെട്ടികിടക്കരുത്; തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥർക്ക് മന്ത്രി എം.വി ഗോവിന്ദൻറെ നിർദേശം
X

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥർ താഴെത്തട്ടിലുള്ള ജനങ്ങളുടെ സേവകരായി പ്രവർത്തിക്കണമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഏകീകൃത തദ്ദേശവകുപ്പ് ഇടക്കാല മാനേജ്‌മെന്റ് സംബന്ധിച്ച് ജില്ലാ ജോയിൻ ഡയറക്ടർമാരുടെയും വകുപ്പുതല ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ കാലങ്ങളിൽ വിവിധ മന്ത്രി തലങ്ങളിലായിരുന്ന തദ്ദേശവകുപ്പിനെ ഏകോപിപ്പിക്കാനുള്ള ആലോചനകളാണ് ഇപ്പോൾ ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. ജനങ്ങളെ കഴിവിന്റെ പരമാവധി സഹായിക്കാൻ ഫയൽ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കണം. ജനങ്ങൾക്ക് കാത്തുനിൽക്കേണ്ട അവസ്ഥ ഉണ്ടാവരുത്. ഫയലിൽ അഭിപ്രായം രേഖപ്പെടുത്തി കീഴ് ഓഫീസുകളിലേക്ക് അയക്കുന്ന പതിവിനും കാലതാമസം നേരിടുന്നതിനും അടിയന്തരമായി മാറ്റം ഉണ്ടാവണം.

ഓരോ ഫയലും അതുമായി ബന്ധപ്പെട്ട വ്യക്തിയും ഉദ്യോഗസ്ഥനും തമ്മിലുള്ള വൈകാരിക ബന്ധം അടയാളപ്പെടുത്തുന്നത് കൂടിയാണ്. ഫീൽഡ് പരിശോധന അനിവാര്യമെങ്കിൽ നേരിട്ട് എത്താൻ ഉദ്യോഗസ്ഥന് സാധിക്കണം. വരുന്ന ഒരു മാസത്തിനകം ഏകീകൃത വകുപ്പിന്റെ ഗുണപരമായ മാറ്റം ജനങ്ങൾക്ക് ലഭിക്കണമെന്നും അതിനുള്ള പ്രവർത്തനം ജില്ലാ ഓഫീസർമാർ നടത്തണമെന്നും മന്ത്രി നിർദേശിച്ചു.

കഴിഞ്ഞകാലങ്ങളിൽ തുടർന്നുവന്ന യാന്ത്രിക തലത്തിലുള്ള പ്രവർത്തനങ്ങൾ നിന്നും മാറി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലാൻ ഉദ്യോഗസ്ഥർക്ക് സാധിക്കണം. കേരളത്തിലെ എല്ലാ മനുഷ്യരെയും ബന്ധിപ്പിക്കുന്ന സംവിധാനമാണ് തദ്ദേശഭരണ വകുപ്പെന്നും പുതിയൊരു ജനകീയ ബന്ധത്തിന്റെ തുടക്കമായി ഏകീകൃത തദ്ദേശവകുപ്പ് മാറണമെന്നും മന്ത്രി വ്യക്തമാക്കി.

2.5 ലക്ഷത്തോളം വരുന്ന ഭൂരഹിതർക്ക് ഭവനം ലഭ്യമാക്കുന്നതിനുള്ള 'മനസ്സോടിത്തിരി മണ്ണ്' പദ്ധതിയിൽ തദ്ദേശസ്ഥാപനങ്ങൾ ഭാവനാപൂർണ്ണം ഊർജ്ജിതമായി ഇടപെടണമെന്നും അതി ദാരിദ്ര്യ സർവ്വേയിലൂടെ കണ്ടെത്തിയ നിരാലംബരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ഏകോപിപ്പിക്കണമെന്നും ആയിരത്തിൽ അഞ്ച് പേർക്ക് ജോലി എന്ന ലക്ഷ്യം സാധിതമാക്കാൻ പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിർദേശം നൽകി.

Next Story