Top

കെഎസ്ഇബി പ്രതിസന്ധി: തൊഴിലാളി സംഘടനകളുമായി വൈദ്യുതി മന്ത്രി നാളെ ചർച്ച നടത്തും

തെറ്റായ നയങ്ങൾ തിരുത്തുന്നത് വരെ സമരം തുടരുമെന്ന് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എം ജി സുരേഷ് കുമാർ

18 April 2022 6:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെഎസ്ഇബി പ്രതിസന്ധി: തൊഴിലാളി സംഘടനകളുമായി വൈദ്യുതി മന്ത്രി നാളെ ചർച്ച നടത്തും
X

തിരുവനന്തപുരം: കെഎസ്ഇബിയിലെ തൊഴിലാളി സംഘടനകളുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി നാളെ ചർച്ച നടത്തും. അതേസമയം ഓഫീസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചയിൽ തീരുമാനമായിട്ടില്ല. നാളെ വൈദ്യുതി ഭവൻ വളയാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്. എന്നാൽ സസ്പെൻഷൻ പിൻവലിച്ച നേതാക്കളുടെ സ്ഥലംമാറ്റ നടപടി പിൻവലിക്കാനാവില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്.

തെറ്റായ നയങ്ങൾ തിരുത്തുന്നത് വരെ സമരം തുടരുമെന്ന് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എം ജി സുരേഷ് കുമാർ പറഞ്ഞു. പ്രതികാര നടപടിയായ സ്ഥലം മാറ്റം അംഗീകരിക്കില്ല. നാളെ നടത്താനിരിക്കുന്ന വൈദ്യുതി ഭവൻ ഉപരോധത്തിൽ ആയിരം പേർ പങ്കെടുക്കും. സമരം ജനങ്ങളെ ബാധിക്കാതിരിക്കാൻ ശ്രമിക്കുമെന്നും എന്നാൽ ഇക്കാര്യം മാനേജ്മെൻറ് ശ്രദ്ധിക്കുന്നില്ലെന്നും സുരേഷ് കുമാർ കുറ്റപ്പെടുത്തി.

അതേസമയം സമരം തുടരവെ സിഎംഡിക്കും ബോർഡ് മാനേജ്‌മെന്റിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി എംജി സുരേഷ് കുമാർ രംഗത്തെത്തിയിരുന്നു. 2021ൽ ബി അശോക് ബോർഡ് ചെയർമാനായി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഡയറക്ടർ ബോർഡിന്റെ സ്വഭാവം മാറിയെന്നും സ്ഥാപനത്തിലെ കൂട്ടായ്മ തകർന്നുവെന്നും എംജി സുരേഷ് കുമാർ ആരോപിച്ചു. ഓഫീസേഴ്‌സ് അസോസിയേഷനും വർക്കേഴ്‌സ് അസോസിയേഷനും ചേർന്ന് ബോർഡിന് ദുർച്ചെലവുണ്ടാകുന്ന വാങ്ങലുകളെ തടഞ്ഞിരുന്നുവെന്നും അതിനാലാണ് മാനേജ്‌മെന്റും സംഘടനകളും തമ്മിൽ സംഘർഷ അന്തരീക്ഷം രൂപപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐഎം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് ഇദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

Story highlights: Minister K Krishnan Kutty will hold discussions with KSEB trade unions tomorrow

Next Story