Top

'ഇതുവരെ വിതരണം ചെയ്തത് ഏഴ് ലക്ഷം ഓണക്കിറ്റുകൾ, എല്ലാ കാർഡ് ഉടമകൾക്കും ലഭിച്ചുവെന്ന് ഉറപ്പുവരുത്തും'; ഭക്ഷ്യ മന്ത്രി

25 Aug 2022 11:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതുവരെ വിതരണം ചെയ്തത് ഏഴ് ലക്ഷം ഓണക്കിറ്റുകൾ, എല്ലാ കാർഡ് ഉടമകൾക്കും ലഭിച്ചുവെന്ന് ഉറപ്പുവരുത്തും; ഭക്ഷ്യ മന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ഏഴ് ലക്ഷം കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തുവെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. ആഗസ്റ്റ് 25 രാവിലെ 10 മണി വരെയുള്ള കണക്കാണിത്. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് ലഭിച്ചുവെന്ന് ഉറപ്പുവരുത്തുമെന്നും റേഷൻ കടകളിലെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ഹരിത കർമ സേനാ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളുകൾ കൂട്ടത്തോടെ എത്തിയാൽ റേഷൻ കടകളിലെ ഇ-പോസ് യന്ത്രത്തിൻറെ പ്രവർത്തനത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. വിവിധ വിഭാഗങ്ങളിലുള്ള കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാൻ പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചത് തിരക്കൊഴിവാക്കാനാണ്. അസൗകര്യം മൂലം അന്നേ ദിവസം വാങ്ങാൻ കഴിയാത്തവർക്ക് മറ്റു ദിവസങ്ങളിൽ അതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഹരിത കർമ സേന പ്രവർത്തകർ നാടിനു ചെയ്യുന്ന സേവനം വലുതാണെന്നും അവർക്കെത്ര പ്രതിഫലം നൽകിയാലും അധികമാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആദ്യഘട്ടത്തിൽ അവരവരുടെ റേഷൻ കടകളിൽ നിന്ന് മാത്രമേ കിറ്റ് വാങ്ങാൻ കഴിയൂ. പോർട്ടബിലിറ്റി സൗകര്യം ഉണ്ടാകില്ല. എന്നാൽ സെപ്റ്റംബർ 4, 5, 6, 7 തീയതികളിൽ ഏത് റേഷൻ കടകളിൽ നിന്നും കിറ്റ് വാങ്ങാൻ സാധിക്കും. തുണി സഞ്ചി അടക്കം 14 ഇനങ്ങൾ ഓണക്കിറ്റിലുണ്ട്. കശുവണ്ടിപ്പരിപ്പ്, നെയ്യ്, മുളക്‌പൊടി, മഞ്ഞൾപ്പൊടി, ഏലയ്ക്ക, വെളിച്ചെണ്ണ, തേയില, ശർക്കരവരട്ടി / ചിപ്‌സ്, ഉണക്കലരി, പഞ്ചസാര, ചെറുപയർ, തുവരപ്പരിപ്പ്, ഉപ്പ് എന്നീ സാധനങ്ങളാണ് ഓണക്കിറ്റിലുള്ളത്.

STORY HGIHLIGHTS: Minister G R Anil said seven lakh Onam kits have been distributed

Next Story