'നിയമ പോരാട്ടം തുടരും, നീതി പുലരുമെന്ന് വിശ്വാസം'; പ്രതികരണവുമായി മീഡിയ വണ്‍
8 Feb 2022 7:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണാനുമതി തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി ശരിവെച്ചതില്‍ പ്രതികരണവുമായി ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്. ചാനലിന്റെ സംപ്രേഷണം കോടതി വിധിയെ മാനിച്ച് തല്‍ക്കാലത്തേക്ക് നിര്‍ത്തുകയാണെന്നും വിധിക്കെതിരെ ഡിവിഷന് ബെഞ്ചിനെ സമീപിക്കുമെന്നും പ്രമേദ് രാമന് വ്യക്തമാക്കി.
'പ്രിയപ്പെട്ട പ്രേക്ഷകരെ മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞതിനെതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ബഹുമാനപ്പെട്ട കോടതി വിധി മാനിച്ച് സംപ്രേഷണം തല്‍ക്കാലത്തേക്ക് നിര്‍ത്തുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ നിയമപോരാട്ടം തുടരും. ഉടന്‍ തന്നെ അപ്പീലുമായി ഡിവിഷന് ബെഞ്ചിനെ സമീപിക്കും. നീതിപുലരുമെന്ന വിശ്വാസം ആവര്‍ത്തിക്കട്ടെ,' പ്രമോദ് രാമന് പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയില്‍ നീതികരിക്കാനാവാത്താണ് കേന്ദ്ര തീരുമാനമെന്ന് പ്രമോദ് രാമന് റിപ്പോര്‍ട്ടര്‍ ടിവിയോട് വ്യക്തമാക്കി.
'ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സമിതി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വിലക്കെന്നാണ് കോടതി പറഞ്ഞത്. മന്ത്രാലയ ഉദ്യോഗസ്ഥർ ഒരു ചാനലിന്റെ സംപ്രേഷണത്തെ തീരുമാനിക്കുന്നത് ജനാധിപത്യത്തില്‍ എത്ര കണ്ട് നീതിയാണ്,' പ്രമോദ് രാമന് ചോദിച്ചു.
മീഡിയ വണ്ണിന്റെ സംപ്രേക്ഷണ ലൈസന്‍സ് റദ്ദാക്കിയ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി ഇന്ന് ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് എന്‍ നാഗരേഷിന്റേതാണ് വിധി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ചാനലിന് വിലക്ക് പ്രഖ്യാപിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
'ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കേണ്ടതില്ലെന്നാണ് അധികൃതരുടെ കമ്മിറ്റി തീരുമാനിച്ചത്. ഇവര്‍ നല്കിയ വിവരങ്ങള്‍ സ്വീകരിക്കുകയാണ് മന്ത്രാലയം ചെയ്തിരിക്കുന്നത്. അതിനാല്‍ സെക്യൂരിറ്റി ക്ലിയറന്‍സ് നല്കാതിരിക്കാനുള്ള തീരുമാനം നീതികരിക്കാവുന്നതാണ്. അതിനാല്‍ പരാതി തള്ളുന്നു,' ജസ്റ്റിസ് നാഗരേഷ് പറഞ്ഞു.
ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ മുദ്ര വെച്ച കവറില്‍ കൈമാറിയിട്ടുണ്ട്. ചാനലിലെ ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയനും കേസില്‍ കക്ഷി ചേരുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. വാര്‍ത്താ വിനിമയ മന്ത്രാലയവും സ്ഥാപനവും തമ്മിലുള്ള കേസില്‍ ജീവനക്കാര്‍ക്ക് കക്ഷി ചേരാനാകില്ലെന്നായിരുന്നു കേന്ദ്ര നിലപാട്.