Top

'യഥാര്‍ത്ഥ പുരുഷന്‍ സ്ത്രീയെ ഭീഷണിപ്പെടുത്തില്ല'; ലൈംഗികാതിക്രമം തടയാന്‍ സ്‌കൂള്‍ തലം മുതല്‍ നടപടികള്‍ വേണമെന്ന് ഹൈക്കോടതി

തൊഴിലവസരങ്ങള്‍ക്കും അക്കാദമിക മികവിനും പ്രാധാന്യം കൊടുക്കുന്നതാണ് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായമെന്നും ഇത്തരം രീതി മാറേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി

21 Jan 2023 2:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യഥാര്‍ത്ഥ പുരുഷന്‍ സ്ത്രീയെ ഭീഷണിപ്പെടുത്തില്ല; ലൈംഗികാതിക്രമം തടയാന്‍ സ്‌കൂള്‍ തലം മുതല്‍ നടപടികള്‍ വേണമെന്ന് ഹൈക്കോടതി
X

കൊച്ചി:ലൈംഗികാതിക്രമം തടയാന്‍ സ്‌കൂള്‍ തലം മുതല്‍ നടപടികള്‍ വേണമെന്ന് ഹൈക്കോടതി. മാന്യമായ പെരുമാറ്റം എങ്ങനെയാകണമെന്നതടക്കം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂല്യവര്‍ധിത വിദ്യാഭ്യാസത്തിന് ഊന്നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഇത് സംബന്ധിച്ച് ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പുകള്‍, വിവിധ ബോര്‍ഡുകള്‍ എന്നിവ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് യുജിസിയും ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. സ്‌കൂളിലേയും കോളേജിലേയും ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് വിലയിരുത്തിയാണ് വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ്.

തൊഴിലവസരങ്ങള്‍ക്കും അക്കാദമിക മികവിനും പ്രാധാന്യം കൊടുക്കുന്നതാണ് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായമെന്നും ഇത്തരം രീതി മാറേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി. കൊല്ലത്തെ എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ആഭ്യന്തര പരിഹാര കമ്മിറ്റി എടുത്ത നടപടിയെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. കമ്മിറ്റി നടപടി ഏകപക്ഷീയമെന്ന് ചൂണ്ടികാട്ടിയാണ് ആരോപണ വിധേയന്‍ കോടതിയെ സമീപിച്ചത്.

'ലിംഗ വിവേചനം തെറ്റാണ്. യഥാര്‍ത്ഥ പുരുഷന്‍ ഒരിക്കലും സ്ത്രീയെ ഭീഷണിപ്പെടുത്തുന്നവനല്ല. ദുര്‍ബലരായ പുരുഷന്മാരാണ് സ്ത്രീയെ ആക്രമിക്കാന്‍ മുതിരുന്നത്. മറ്റൊരു വ്യക്തിയെ ബഹുമാനിക്കാന്‍ കുട്ടികളെ മാതാപിതാക്കളും അധ്യാപകരും പഠിപ്പിക്കണം. പാഠ്യപദ്ധതിയിലടക്കം മാറ്റം വരുത്താനായി ഉന്നത-പൊതു വിദ്യാഭ്യാസ വകുപ്പുകളും വിവിധ ബോര്‍ഡുകളും നടപടിയെടുക്കണം.' എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

Story Highlights: measures should taken from school level to prevent sexual assault said High Court

Next Story