Top

'ചര്‍ച്ച നടന്നാല്‍ സത്യം പുറത്തുവരുമെന്ന് പ്രതിപക്ഷത്തിന് ഭയം'; പ്രതിഷേധിച്ചത് ചര്‍ച്ച നടക്കാന്‍ പാടില്ലെന്ന് ആഗ്രഹിച്ചവരെന്ന് മേയര്‍

വിഷയത്തില്‍ യുഡിഎഫും ബിജെപിയും സംയുക്തമായി സമര നാടകം കളിക്കുകയാണ്.

19 Nov 2022 12:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചര്‍ച്ച നടന്നാല്‍ സത്യം പുറത്തുവരുമെന്ന് പ്രതിപക്ഷത്തിന് ഭയം; പ്രതിഷേധിച്ചത് ചര്‍ച്ച നടക്കാന്‍ പാടില്ലെന്ന് ആഗ്രഹിച്ചവരെന്ന് മേയര്‍
X

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കൗണ്‍സില്‍ വിളിച്ചതെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. 35 ബിജെപി അംഗങ്ങളാണ് യോഗം വിളിക്കണമെന്ന് രേഖമൂലം ആവശ്യപ്പെട്ടത്. ഇന്ന് യോഗം ചേരുമെന്ന് അറിയിച്ച് എല്ലാവര്‍ക്കും അറിയിപ്പ് കൊടുത്തിരുന്നു. ഇന്നലെ രാവിലെയാണ് മേയര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കത്ത് അയച്ചത്. പിന്നാലെ ബിജെപിയും മേയര്‍ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് ആര്യ പറഞ്ഞു.

ജനാധിപത്യ മര്യാദ പാലിച്ചാണ് യോഗം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ കത്ത് നല്‍കിയവര്‍ തന്നെ പ്രതിഷേധിക്കുകയായിരുന്നു. വിഷയം ജനങ്ങള്‍ കൂടി മനസിലാക്കണമെന്ന് തീരുമാനിച്ചാണ് ഭരണസമിതിയും എല്‍ഡിഎഫും യോഗം വിളിച്ചു ചേര്‍ത്തത്. ചര്‍ച്ച നടന്നാല്‍ ജനങ്ങള്‍ക്കും വസ്തുതകള്‍ മനസിലാക്കാമായിരുന്നു. എന്നാല്‍ ചര്‍ച്ച നടക്കാന്‍ പാടില്ലെന്ന് ചിലര്‍ ആഗ്രഹിച്ചു. ചര്‍ച്ച നടന്നാല്‍ സത്യം പുറത്ത് വരുമെന്ന് അവര്‍ക്ക് ഭയമാണെന്നും ആര്യ പറഞ്ഞു.

വിഷയത്തില്‍ യുഡിഎഫും ബിജെപിയും സംയുക്തമായി സമര നാടകം കളിക്കുകയാണ്. സമരം കോര്‍പ്പറേഷന്റെ വരുമാനത്തെ ബാധിക്കുന്നുണ്ട്. കോര്‍പ്പറേഷനില്‍ എത്തുന്ന ജനങ്ങളെ ഭയപ്പെടുത്തുന്ന അന്തരീക്ഷം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മേയര്‍ ആര്യ പറഞ്ഞു.


Next Story