Top

നാളെത്തെ ലഹരി വിരുദ്ധ പരിപാടിയില്‍ മാറ്റമില്ലെന്ന് സർക്കാർ; വിയോജിപ്പറിയിച്ച് മാർത്തോമ സഭയും

വിശ്വാസികൾക്ക് ഞായറാഴ്ച വിശുദ്ധ ദിനമാണ്

1 Oct 2022 6:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാളെത്തെ ലഹരി വിരുദ്ധ പരിപാടിയില്‍ മാറ്റമില്ലെന്ന് സർക്കാർ; വിയോജിപ്പറിയിച്ച് മാർത്തോമ സഭയും
X

തിരുവനന്തപുരം: ഞായറാഴ്ച സ്‌കൂളുകള്‍ പ്രവൃത്തി ദിവസമാക്കാനുളള തീരുമാനം മാറ്റാന്‍ പ്രായോഗിക പ്രയാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തീരുമാനത്തില്‍ ക്രൈസ്തവ സഭ മുഖ്യമന്ത്രിയെ നേരിട്ട് പ്രതിഷേധം അറിയിച്ചു. മറ്റൊരു ദിവസം പരിപാടി നടത്തണമെന്ന് ക്രൈസ്തവ സഭ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ലഹരിക്കെതിരായ ക്യാമ്പയിന്‍ പൊതുവികാരമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. പരിപാടിയില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്.

നാളെത്തെ ലഹരി വിരുദ്ധ പരിപാടി മാറ്റിവെക്കണമെന്ന് മാർത്തോമ സഭയും ആവശ്യപ്പെട്ടു. വിശ്വാസികൾക്ക് ഞായറാഴ്ച വിശുദ്ധ ദിനമാണ്. ലഹരിവിരുദ്ധ പരിപാടിക്കായി ‌ഞായറാഴ്ച തന്നെ തെരഞ്ഞെടുത്തത് വേദനാജനകമാണെന്നും മാർത്തോമ സഭ പറഞ്ഞു.

അതേസമയം ഞായറാഴ്ച നടത്താൻ തീരുമാനിച്ച പരിപാടിയിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അറിയിച്ചു. വിദ്യാലയങ്ങൾക്ക് അവധിയാണെങ്കിലും പരിപാടികൾ നടത്തുന്നതിന് നടപടി ഉണ്ടാകണമെന്നും മന്ത്രി നിർദേശിച്ചിരുന്നു. പരമാവധി വിദ്യാർത്ഥികളുടെ പങ്കാളിത്തം ഗാന്ധിജയന്തി ദിനത്തിൽ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

സർക്കാർ തീരുമാനത്തിനെതിരെ കെസിബിസി നേരത്തെ രം​ഗത്തുവന്നിരുന്നു. ഞായറാഴ്ച കത്തോലിക്കാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെസിബിസി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചയായതിനാല്‍ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും ആചാരാനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെസിബിസി പറഞ്ഞു. ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കാനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് നേരത്തേ മലങ്കര ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ ബിജു ഉമ്മനും ആവശ്യപ്പെട്ടിരുന്നു.

STORY HIGHLIGHTS: Marthoma Church disagreed to government decision conduct Anti-Drug Program in sunday

Next Story