റേഷന്‍ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളും ആധാര്‍ സീഡിംഗ് നടത്തി; അപൂര്‍വ്വ നേട്ടവുമായി മലപ്പുറം
27 Aug 2022 5:22 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: എല്ലാ അംഗങ്ങളും റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചെന്ന അപൂര്‍വ്വ നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയായി മലപ്പുറം. 10,20,217 കാര്‍ഡുകളിലായുള്ള 45,75,520 അംഗങ്ങളുടെയും ആധാര്‍, റേഷന്‍ കാര്‍ഡുകളുമായി ബന്ധിപ്പിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.
മുഴുവന്‍ അംഗങ്ങളെയും ആധാര്‍ സീഡിംഗ് നടത്തിയതോടെ റേഷന്‍ കാര്‍ഡ് ഡാറ്റാ ബെയ്സ് ഏറ്റവും കൃത്യമാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാണ് മലപ്പുറം. ഏറ്റവും കൂടുതല്‍ റേഷന്‍ കാര്‍ഡുകളും അംഗങ്ങളും ഉള്ള ജില്ലയാണ് മലപ്പുറം. സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ല എന്ന പദവിയും മലപ്പുറം സ്വന്തമാക്കിയിരുന്നു.
'ഡിജിറ്റല്‍ മലപ്പുറം' എന്ന പരിപാടിയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. കാനറ ബാങ്കിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വ്യക്തിഗത ഇടപാടുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ ബാങ്കിംഗ്,യുപിഐ, ആധാര്‍ അധിഷ്ഠിത പണമിടപാട് സേവനങ്ങളും സംരഭംകര്ക്കും വ്യവസായികള്‍ക്കുമിടയില്‍ നെറ്റ് ബാംങ്കിംഗ് തുടങ്ങിയ സേവനങ്ങള്‍ പ്രചരിപ്പിച്ചാണ് ബാങ്കിംഗ് ഇടപാടുകള്‍ നൂറ് ശതമാനം ഡിജിറ്റലൈസ് ചെയ്തത്.
STORY HIGHLIGHTS: Malappuram completed Aadhar seeding for all ration card members