മധു വധക്കേസ്; വിചാരണ ഇന്ന് വീണ്ടും തുടങ്ങും
7 July 2022 2:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇന്ന് വീണ്ടും തുടങ്ങും. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ആണ് ഇന്ന് മുതൽ ഹാജരാവുക. കേസിലെ 12, 13 സാക്ഷികളെയാണ് വിസ്തരിക്കുക. കേസിൽ ആകെ 122 സാക്ഷികളാണ് ഉളളത്.
കേസിൽ മുൻ പബ്ലിക് പ്രോസിക്യൂട്ടർ സി. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. കേസിൽ തുടർച്ചയായി സാക്ഷികൾ കൂറ് മാറിയ പശ്ചാത്തലത്തിലായിരുന്നു കുടുംബം ആവശ്യം ഉന്നയിച്ചത്.
2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. കേസിൽ തുടർച്ചയായി രണ്ട് സാക്ഷികളാണ് കൂറ് മാറിയത്. 11ാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രനുമാണ് മൊഴി മാറ്റിയത്. മധുവിനെ പ്രതികൾ ആക്രമിക്കുന്നത് കണ്ടെന്നായിരുന്നു നേരത്തെ ചന്ദ്രൻ നൽകിയ മൊഴി. കോടതിയിൽ നൽകിയ രഹസ്യ മൊഴിയിലും ഇക്കാര്യം ആവർത്തിച്ചിരുന്നു. എന്നാൽ പൊലീസ് ഭീഷണിപ്പെടുത്തി മൊഴി എഴുതി വാങ്ങിയെന്നാണ് കോടതി വിസ്താരത്തിനിടെ ചന്ദ്രൻ പറഞ്ഞിരിക്കുന്നത്. ഇതോടെ സാക്ഷി കൂറുമാറിയതായി കോടതി അറിയിച്ചു. നേരത്തെ കേസിലെ പത്താം സാക്ഷി ഉണ്ണികൃഷ്ണനും കൂറുമാറിയിരുന്നു. പൊലീസിന് കൊടുത്ത മൊഴി ഇയാൾ കോടതിയിൽ മാറ്റിപ്പറയുകയായിരുന്നു. മൊഴി മാറ്റി പറയാൻ പൊലീസ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഉണ്ണികൃഷ്ണനും കോടതിയിൽ പറഞ്ഞത്.
STORY HIGHLIGHTS: Madhu murder case trial will resume today