Top

പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർക്കായി 'സ്നേഹത്തണൽ' ഒരുക്കി എംഎ യൂസഫലി

പതിനഞ്ച് കോടിയിലധികം രൂപ വിലമതിക്കുന്ന ഇരുനില കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്

18 Nov 2022 12:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർക്കായി സ്നേഹത്തണൽ ഒരുക്കി എംഎ യൂസഫലി
X

കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർക്കായി സ്നേഹ തണൽ ഒരുക്കി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പതിനഞ്ച് കോടിയിലധികം രൂപ വിലമതിക്കുന്ന ഇരുനില കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്. കെട്ടിട ഉദ്ഘാടന ചടങ്ങില്‍ എം എ യൂസഫലി, ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജൻ്റെ സാന്നിധ്യത്തിൽ ശിലാഫലകം അനാച്ഛാദനം ചെയ്തു. തുടർന്ന് ഇരുവരും ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മിണി, ഹൗസത്ത് ബീവി, പൊന്നമ്മ എന്നീ അമ്മമാരോടൊപ്പം ചേർന്ന് നാട മുറിച്ച് മന്ദിരം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വീൽ ചെയറിലായിരുന്ന അമ്മമാരെ യൂസഫലിയും പുനലൂര്‍ സോമരാജനും ചേർന്ന് സമീപത്തെ മുറിയിലേക്ക് എത്തിച്ചുകൊണ്ട് ഗൃഹപ്രവേശനച്ചടങ്ങ് പൂർത്തിയാക്കി. മന്ദിരത്തിലെ വൈദ്യുതിയ്ക്കും മറ്റ് അറ്റകുറ്റ പണികള്‍ക്കായും മാസം തോറും വരുന്ന ചിലവിനായി ഒരു ലക്ഷത്തോളം രൂപ ഗാന്ധിഭവന് നൽകുമെന്നും അദ്ദേഹം പറഞ്ഞു. തൻെറ മരണശേഷവും തുടരുന്ന രീതിയിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ഗാന്ധിഭവനിലെ അന്തേവാസികളായ അച്ഛനമ്മമാർക്ക് വേണ്ടിയും സമാനമായ രീതിയിൽ മന്ദിരം നിർമ്മിക്കുമെന്ന് യൂസഫലി അറിയിച്ചു.

എല്ലാ നന്മയുള്ള പ്രവർത്തനങ്ങളും ഹൃദയത്തിനുള്ളിൽ നിന്നാണ് താൻ ചെയ്യുന്നതെന്നും അമ്മമാർക്കുള്ള പുതിയ മന്ദിരവും അത്തരത്തിലൊന്നാണെന്നും എം എ യൂസഫലി മാധ്യങ്ങളോട് പറഞ്ഞു. കെട്ടിടത്തിനായുള്ള ശിലാസ്ഥാപനം 2019 മേയ് 4 ന് ആരംഭിച്ചിരുന്നു. എല്ലാ തരത്തിലുള്ള സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

കിടപ്പുരോഗികള്‍ക്ക് പ്രത്യേക പരിചരണസംവിധാനങ്ങള്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറികള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, ആധുനിക ശുചിമുറി ബ്ലോക്കുകള്‍, മാലിന്യസംസ്കരണ സംവിധാനങ്ങള്‍, ഓഫീസ് സംവിധാനങ്ങള്‍ എന്നിങ്ങനെ അടങ്ങിയതാണ് സ്നേഹതണൽ. ഒരേസമയം 250 പേര്‍ക്ക് താമസിക്കാൻ കഴിയും. കെട്ടിടത്തിൻെറ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും എം എ യൂസഫലിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു. പത്തനാപുരം കുണ്ടയത്ത് കല്ലടയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഗാന്ധിഭവന്‍ അഭയകേന്ദ്രത്തിന് സമീപത്തായി ഒരേക്കര്‍ ഭൂമിയില്‍ നാല്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.

STORY HIGHLIGHTS: M A Yusuff Ali builds new home for gandhi bhavan oldwomens


Next Story