തദ്ദേശ ദിനാഘോഷം ഫെബ്രുവരിയില്‍; നടപടി വകുപ്പ് സംയോജനം യാഥാര്‍ത്ഥ്യമാകുന്ന സാഹചര്യത്തിലെന്ന് മന്ത്രി
പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ബല്‍വന്ത് റായ് മേത്തയുടെ ജന്മദിനമായ ഫെബ്രുവരി 19ന് തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം സംഘടിപ്പിക്കും.
6 Jan 2022 1:38 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്ത് ഗ്രാമ- നഗര വ്യത്യാസമില്ലാതെ ഫെബ്രുവരിയില്‍ തദ്ദേശ ദിനാഘോഷം സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്. ഫെബ്രുവരി 18,19,20 തിയ്യതികളിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു. വകുപ്പ് സംയോജനത്തിന് മുമ്പ് പഞ്ചായത്ത് ദിനാഘോഷവും മുനിസിപ്പല്‍ ദിനാഘോഷവുമൊക്കെ നടത്തിയിരുന്നു. വകുപ്പ് സംയോജനം യാഥാര്‍ത്ഥ്യമാകുന്ന സാഹചര്യത്തില്‍ ഇനിമുതല്‍ തദ്ദേശ ദിനാഘോഷമാണ് സംഘടിപ്പിക്കുക എന്ന് മന്ത്രി വ്യക്തമാക്കി.
പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ബല്‍വന്ത് റായ് മേത്തയുടെ ജന്മദിനമായ ഫെബ്രുവരി 19ന് തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം സംഘടിപ്പിക്കും. പുരസ്കാര വിതരണവും അന്ന് നടത്തും. തദ്ദേശ ദിനാഘോഷം ഗ്രാമ-നഗര സംവിധാനങ്ങള്‍ ഒന്നിച്ച് നടത്തുന്നതിനാല്‍ ത്രിതല പഞ്ചായത്ത് അസോസിയേഷനുകളെ കൂടാതെ മുനിസിപ്പല്‍, മേയര്‍ അസോസിയേഷനുകളും സംഘാടക സമിതിയുടെ ഭാഗമാകും.
പഞ്ചായത്ത് സംവിധാനത്തിന് നല്‍കിയിരുന്ന സ്വരാജ് ട്രോഫി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഈ വര്‍ഷം മുതല്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് മേഖലയില്‍ ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്കാരവും നഗരമേഖലയിലും നല്‍കും. തദ്ദേശ ദിനാഘോഷത്തിന്റെ സംസ്ഥാന സംഘാടക സമിതി രൂപീകരണയോഗം ഫെബ്രുവരി 12ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരത്തെ ഗ്രാമപഞ്ചായത്ത് അസോസിയേഷന് ഹാളില്‍ നടക്കുമെന്നും മന്ത്രി എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.