കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച
8 Dec 2021 6:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി കോര്‍പ്പറേഷനില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഗാന്ധി നഗര്‍ ഡിവിഷന് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫിന്റെ ബിന്ദു ശിവന് യുഡിഎഫിന്റെ പിഡി മാര്‍ട്ടിനെ 687 വോട്ടിന് പരാജയപ്പെടുത്തി. ഇതോടെ 74 അംഗ കൗണ്‍സിലിലില്‍ 4 സ്വതന്ത്രരുള്‍പ്പെടെ 37 പേരുടെ പിന്തുണ എല്‍ഡിഎഫിനുണ്ട്. യുഡിഎഫ് 32, ബിജെപി 4 എന്നിങ്ങനെയാണ് അംഗ നില. മുൻ കൗൺസിലർ കെ കെ ശിവന്റെ മരണത്തോടെയാണ് കൊച്ചി കോര്‍പറേഷനിലെ ഗാന്ധിനഗറില്‍ വോട്ടെടുപ്പ് നടന്നത്. ശിവന്റെ ഭാര്യയും മുൻ പഞ്ചായത്ത് പ്രസിഡന്റുമാണ് വിജയിച്ച ബിന്ദു ശിവൻ.
പിറവം നഗരസഭാ ഭരണവും എല്‍ഡിഎഫ് നിലനിര്‍ത്തി. ഇടപ്പളളിച്ചിറ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഡോ. അജേഷ് മനോഹര്‍ 20 വോട്ടിനാണ് വിജയം ഉറപ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി അരുണ്‍ കല്ലറക്കലിനെയും ബിജെപി സ്ഥാനാര്‍ഥി പി സി വിനോദിനെയും പിന്തള്ളിക്കൊണ്ടാണ് എല്‍ഡിഎഫ് പിറവം നഗരസഭാ ഭരണം നിലനിര്‍ത്തിയത്. എല്‍ഡിഎഫ് സ്വതന്ത്ര കൗണ്‍സിലര്‍ ജോര്‍ജ് നാരേക്കാടിന്റെ മരണത്തോടെയാണ് പിറവത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്. 27 ഡിവിഷനുളള നഗരസഭയില്‍ എല്‍ഡിഎഫ്- 14, യുഡിഎഫ്- 13 എന്നിങ്ങനെയാണ് കക്ഷി നില.
കോട്ടയം കാണക്കാരി പഞ്ചായത്തില്‍ യുഡിഎഫിന് സിറ്റിങ് സീറ്റ് നഷ്ടമായി. കാണക്കാരി പഞ്ചായത്തിലെ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ഒമ്പതാം വാര്‍ഡ് സിപിഐഎം പിടിച്ചെടുത്തു. കാണക്കാരിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി വി ജി അനികുമാറാണ് വിജയിച്ചത്. 338 വോട്ടുകള്‍ക്കാണ് അനില്‍കുമാര്‍ വിജയിച്ചത്. എല്‍ഡിഎഫ് 622, യുഡിഎഫ് 284, ബിജെപി 60 എന്നിങ്ങനെയാണ് വോട്ടുനില.
ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ അഞ്ച് സിറ്റിങ് സീറ്റുകളും യുഡിഎഫ് നിലനിർത്തി. തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം, ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വേഴക്കോട്, പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കല്‍, മക്കരപ്പറമ്പ് പഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ്, കാലടി പഞ്ചായത്തിലെ ചാലപ്പുറം എന്നിവിടങ്ങളിലാണ് വോട്ടിങ് നടന്നത്.