Top

'മോദിക്ക് അപ്രീതികരമായ ചോദ്യങ്ങള്‍ പാടില്ലെന്ന അവസ്ഥ'; രാജ്യത്തിന് പുറത്ത് പോലും ജോലി തെറിപ്പിക്കുന്നെന്ന് ലീന രഘുനാഥ്

7 Oct 2022 4:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോദിക്ക് അപ്രീതികരമായ ചോദ്യങ്ങള്‍ പാടില്ലെന്ന അവസ്ഥ; രാജ്യത്തിന് പുറത്ത് പോലും ജോലി തെറിപ്പിക്കുന്നെന്ന് ലീന രഘുനാഥ്
X

കോഴിക്കോട്: വിദേശ രാജ്യങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഭിമുഖം നടത്തുമ്പോള്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുണ്ടെന്ന് മാധ്യമപ്രവര്‍ത്തക ലീന രഘുനാഥ്. മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും നിയന്ത്രിക്കാന്‍ നിലവില്‍ നടക്കുന്ന ശ്രമങ്ങള്‍ നാം അറിയുന്നതിലും അപ്പുറമാണെന്ന് കാരവന്‍ മാഗസിന്‍ ഓഡിയന്‍സ് ഡെവലപ്‌മെന്റ് എഡിറ്റര്‍ ചൂണ്ടിക്കാട്ടി. താന്‍ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനമായ കാരവന്‍ മാഗസിന്റെ ഡിസംബര്‍ 2019 ലക്കത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ശിവീന്ദര്‍ സിങ് ഒരു ലേഖനമെഴുതിയിരുന്നു. ഭരണകൂടം ഇന്ത്യയിലെ മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതുപോലെ രാജ്യത്തിന് പുറത്തുള്ള മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് എപ്രകാരമാണ് എന്ന് ഉദാഹരണസഹിതം അദ്ദേഹമതില്‍ വ്യക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി യു എസ് - കാനഡ ടൂര്‍ നടത്തിയ ഘട്ടത്തിലാണ് അതിലൊരു സംഭവമെന്ന് ലീന വെളിപ്പെടുത്തി. മാധ്യമം ജേണലിസ്റ്റ് യൂണിയന്‍ സംഘടിപ്പിച്ച എന്‍ രാജേഷ് പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കവെയാണ് മാധ്യമപ്രവര്‍ത്തകയുടെ പ്രതികരണം.

'കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റേഡിയോ സ്റ്റേഷന്റെ ഉടമ പഞ്ചാബിയായ ഒരു അവതാരകനോട് മോദിക്ക് ഇഷ്ടപ്പെടാത്ത ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അത് പാലിക്കണമെന്നും നിര്‍ദേശിക്കുന്നു, ഇത്രയും കാലം ചെയ്തതുപോലുള്ള രീതി തുടരുമെന്നും ഹൈക്കമ്മീഷന്‍ പറഞ്ഞതിന്‍പടിയുള്ള മാധ്യമപ്രവര്‍ത്തനം നടത്താനാവില്ലെന്നും വ്യക്തമാക്കിയ ആ മാധ്യമപ്രവര്‍ത്തകന് ജോലി നഷ്ടപ്പെട്ടു. സമാനമായ സാഹചര്യത്തില്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകനും ജോലി പോയി. രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളോട് ചെയ്യുന്നതുപോലെ രാജ്യത്തിന് പുറത്തും മോദി എത്തുമ്പോള്‍ അദ്ദേഹത്തിന് അപ്രീതികരമായ ചോദ്യങ്ങള്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുകയും അതിന് വഴങ്ങാത്തവരുടെ ജോലി തെറിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടെന്ന് വരുകില്‍ മാധ്യമനിയന്ത്രണം ഏതറ്റംവരെ പോയിരിക്കുന്നു എന്ന് മനസ്സിലാക്കുക.

അധികാരവര്‍ഗത്തിനും അവരുടെ താല്‍പര്യമുള്ള വ്യക്തികള്‍ക്കും വ്യവസായികള്‍ക്കും അനുകൂലമായി ആഖ്യാനങ്ങള്‍ സൃഷ്ടിക്കാനും സമൂഹമാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്നത് കാണാതിരുന്നുകൂടാ. നമ്മുടെ പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് പല വാര്‍ത്തകളും വരുന്നത് അവ്വിധത്തിലാണ്. ലോകത്തെ ഏറ്റവും യോഗ്യനായ അവിവാഹിതനാണ് മോദി എന്ന ആഖ്യാനം ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ടതാണ്. അത് ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്. വിവാഹം ചെയ്ത, വിവാഹമോചനം ചെയ്തിട്ടില്ലാത്ത, ഭാര്യ ഇപ്പോഴുമുള്ളയാള്‍ എങ്ങനെയാണ് മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ ആവുന്നത്? മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും പിന്തുണയോടെ കെട്ടിപ്പൊക്കിയ യോഗ്യതയാണ് അതെല്ലാം. മാധ്യമങ്ങള്‍ ധൈര്യസമേതം നാലു ദിവസം ഒന്നാം പേജില്‍ വാര്‍ത്ത നല്‍കിയാല്‍ പൊളിയാവുന്നത്ര കേമത്തമേ ഇന്നത്തെ ഭരണകൂടത്തിനുള്ളൂ. ആ കെട്ടുകഥകള്‍ പൊളിക്കാനുള്ള ധൈര്യം മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെങ്കിലും അതിന്റെ ഉടമകള്‍ക്കില്ലാതെ പോകുന്നു എന്നതാണ് ഈ കാലത്തിന്റെ ദുരവസ്ഥയെന്നും ലീന രഘുനാഥ് പറഞ്ഞു.

STORY HIGHLIGHTS: Leena Raghunath says she faces pressure while interviewing Narendra Modi

Next Story