ലോ കോളേജ് സംഘർഷം; എസ്എഫ്ഐ പ്രവർത്തകരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് പ്രിൻസിപ്പൾ
സമാധാനമായി ജോലി ചെയ്യാനുളള അന്തരീക്ഷം കോളേജിലുണ്ടാകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ലോ കോളേജ് അധ്യാപകരുടെ തീരുമാനം
18 March 2023 2:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: ലോ കോളേജിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് കോളേജ് അധികൃതർ അറിയിച്ചു. കെ എസ് യു, എസ്എഫ്ഐ പ്രതിനിധികളുമായി പ്രിൻസിപ്പൾ ചർച്ച നടത്തും. പി ടി എ യോഗത്തിന് ശേഷമാണ് തീരുമനം.
കോളേജിലെ റെഗുലർ ക്ലാസ് തുടങ്ങുന്നതിനും ഈ മാസം 24 ന് യൂണിയൻ തെരഞ്ഞെടുപ്പ് നടത്തുന്നതിനും വിദ്യാർത്ഥി പ്രതിനിധികളുമായുളള യോഗത്തിന് ശേഷം തീരുമാനമാകും. സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പൊതുപരീക്ഷ എഴുതാമെന്നും കോളേജ് അധികൃതർ അറിയിച്ചു.
എസ്എഫ്ഐ പ്രവർത്തകരുടെ അക്രമത്തിന് ഇരയായ പ്രൊഫസർ വി കെ സഞ്ജുവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമിച്ചവരുടെ പേര് വിവരങ്ങൾ ശേഖരിച്ച് നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. കെ എസ് യുവിന്റെ കൊടി കൂട്ടിയിട്ട് കത്തിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തിന് പിന്നാലെ 24 എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം സമാധാനമായി ജോലി ചെയ്യാനുളള അന്തരീക്ഷം കോളേജിലുണ്ടാകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ലോ കോളേജ് അധ്യാപകരുടെ തീരുമാനം. പഠിപ്പിക്കാന്‍ ആവശ്യമായ അന്തരീക്ഷം ഒരുക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടും. സംസ്ഥാനത്തെ നാല് ലോ കോളേജുകളിലേയും അധ്യാപകരുമായി കൂടിയാലോചിച്ച് ഹൈക്കോടതിയെ സമീപിക്കുന്നതിനെ പറ്റി തീരുമാനമെടുക്കുമെന്ന് അധ്യാപകർ പറയുന്നു.
STORY HIGHLIGHTS: Law College clash in Thiruvananthapuram