'അവര്‍ ആകെ ആറോ ഏഴോ പേര്; മുട്ടയെറിഞ്ഞത് വാര്‍ത്തയ്ക്ക് വേണ്ടി'; കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ കെവി തോമസിന്റെ മറുപടി
വികസനകാര്യങ്ങളില്‍ കേരളത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കെവി തോമസ്.
3 Jun 2022 3:05 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഉമ തോമസിന്റെ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസുകാര്‍ തനിക്ക് നേരെ നടത്തിയ പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി കെവി തോമസ്. വീടിനു മുന്നില്‍ തിരുത മീന്‍ വിറ്റ് കോണ്‍ഗ്രസുകാര്‍ നടത്തിയ പ്രതിഷേധത്തിലാണ് കെവി തോമസിന്റെ മറുപടി. മാധ്യമശ്രദ്ധ നേടാന്‍ ആറു പേര് നടത്തിയ പ്രതിഷേധമാണതെന്ന് പൊട്ടിച്ചിരിയോടെ കെവി തോമസ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറിലാണ് കെവി തോമസിന്റെ പ്രതികരണം.
''അവര്‍ ആകെ ആറോ ഏഴോ പേരുണ്ടായിരുന്നു. അതില്‍ കൂടുതലൊന്നും വീടിന്റെ മുന്നില്‍ ഉണ്ടായിരുന്നില്ല. അവര്‍ വന്ന് പോയി, ഇതെല്ലാം വാര്‍ത്ത കൊടുക്കാന്‍ വേണ്ടിയാണ് ചെയ്യുന്നത്.''
ജയവും പരാജയവും രാഷ്ട്രീയത്തിന്റെ ഭാഗമായി കണ്ടാല്‍ മതിയെന്നും എല്‍ഡിഎഫ് പരാജയത്തോട് അദ്ദേഹം പ്രതികരിച്ചു. ''ജയവും പരാജയവും രാഷ്ട്രീയത്തിന്റെ ഭാഗമായി കണ്ടാല്‍ മതി. വികസനകാര്യങ്ങളില്‍ കേരളത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം സമയം കൊണ്ട് പരിഹരിക്കപ്പെട്ടിട്ടുണ്ട്.''
'ഉമ തോമസിന്റെ വിജയം തകര്‍ത്തത് കെ.വി തോമസിന്റെ രാഷ്ടീയ നീക്കങ്ങള്‍ കൂടി '
ചരിത്രം കുറിച്ചുള്ള ഉമ തോമസിന്റെ വിജയം കെ.വി തോമസിന്റെ രാഷ്ടീയ നീക്കങ്ങള്‍ കൂടിയാണ് തകര്‍ത്തത്. കോണ്‍ഗ്രസ് വിട്ട് ഇടതു ക്യാമ്പില്‍ ചേക്കേറിയ തോമസ് മാഷ് ലക്ഷ്യമിട്ടത് ഉമയുടെ പരാജയമായിരുന്നു. പക്ഷേ വാശിയേറിയ പ്രചാരണത്തിന് ഒടുവില്‍ തോമസ് മാഷിന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചാണ് തൃക്കാക്കര ഉമയെ തുണച്ചത്. എറണാകുളത്തെ കോണ്‍ഗ്രസ് തറവാട്ടിലെ കാരണവരായ മാഷിന്റെ കൂടുമാറ്റം അട്ടിമറിക്ക് വഴി ഒരുക്കുമെന്ന എല്‍ഡിഎഫ് പ്രതീക്ഷകളും തെറ്റി.
സിപിഐഎം സെമിനാര്‍ വേദിയില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ചതിന് പിന്നാലെയാണ് കെവി തോമസ് നേതൃത്വവുമായി അകന്നത്. ആന്റണി അധ്യക്ഷനായ അച്ചടക്കസമിതി നടപടി മയപ്പെടുത്തിയിട്ടും വിട്ടുവീഴ്ചയില്ലാതെ തോമസ് ഇടത്തോട്ട് ചാഞ്ഞു. ഒടുവില്‍ തൃക്കാക്കരയില്‍ ഇടത് വേദിയില്‍ പ്രചാരണത്തിലും സജീവമായി. പിന്നാലെ കോണ്‍ഗ്രസ് മാഷിനെ പുറത്താക്കി.
പിടി തോമസിന്റെ വിശ്വസ്തനായിരുന്ന എം.ബി മുരളീധരന് ഉയര്‍ത്തിയ വിമത ശബ്ദവും യുഡിഎഫ് ക്യാമ്പിന് വെല്ലുവിളി ഉയര്‍ത്തിയില്ല. ഇരുവരും പാര്‍ട്ടി വിട്ടപ്പോള്‍ ഇവരുടെ സ്വാധീന മേഖലകളില്‍ പുലര്‍ത്തിയ ജാഗ്രത ലക്ഷ്യം കണ്ടെന്ന് വേണമെങ്കില്‍ വിലയിരുത്താം. ആദ്യഘട്ടത്തില്‍ അസ്വസ്ഥനായ ഡൊമിനിക് പ്രസന്റേഷനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെ നേട്ടമായി.
- TAGS:
- KV Thomas
- CPIM
- CONGRESS
- uma thomas