'വികസനത്തിനൊപ്പമാണ് ഞാന്‍, അത് കേന്ദ്രമായാലും കേരളമായാലും': കെ വി തോമസ്
ദേശീയ നേതൃത്വം തന്നെ സംരക്ഷിക്കുന്നുവെന്ന അഭിപ്രായമില്ലെന്നും കെ വി തോമസ്
29 April 2022 7:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ വികസനത്തിനൊപ്പമെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. വികസനം ജനങ്ങള്‍ക്ക് വേണ്ടിയാണ്. കേന്ദ്രത്തിന്റേതായാലും സംസ്ഥാനത്തിന്റേതായാലും അവയെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും കെ വി തോമസ് പറഞ്ഞു. ദേശീയ നേതൃത്വം തന്നെ സംരക്ഷിക്കുന്നുവെന്ന അഭിപ്രായമില്ലെന്നും കെ വി തോമസ് കൂട്ടിചേര്‍ത്തു.
'വികസന രാഷ്ട്രീയത്തിനൊപ്പമാണ് താനെന്നത് ആദ്യം മുതല്‍ പറയുന്ന കാര്യമാണ്. അനാവശ്യമായി അതിനെ രാഷ്ട്രീയവല്‍കരിക്കരുത്. വികസനം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നാലും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നാലും അതിനെ രാഷ്ട്രീയ കാഴ്ച്ചപാടിന്റെ പുറത്ത് എതിര്‍ക്കരുത്. വികസനം ജനങ്ങള്‍ക്ക് വേണ്ടിയാണ്. എന്റെ രാഷ്ട്രീയ പ്രവര്‍ത്തന ജീവിതം തുടങ്ങുന്ന കാലം തൊട്ടുള്ള നിലപാടും അത് തന്നെയാണ്. ദേശീയ നേതൃത്വം എന്നെ സംരക്ഷിക്കുന്നുവെന്ന അഭിപ്രായമൊന്നും എനിക്കില്ല. അതുമായി ബന്ധപ്പെട്ടവര്‍ പഠിച്ച് തീരുമാനിക്കട്ടെ. ഞാനല്ല അതില്‍ തീരുമാനമെടുക്കേണ്ടത്.' കെ വി തോമസ് പറഞ്ഞു.
തൃക്കാക്കരയില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിന്റ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കാര്യങ്ങളെകുറിച്ച് തനിക്ക് അറിയില്ലെന്നും കെ വി തോമസ് പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസ് ഒരിക്കല്‍ പോലും താനുമായി ബന്ധപ്പെട്ടിട്ടില്ല. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ബന്ധപ്പെടാത്ത ഒരാളെ ഇപ്പോള്‍ എങ്ങനെ ബന്ധപ്പെടാനാണെന്നും കെ വി തോമസ് അതൃപ്തി അറിയിച്ചു.