Top

'അത് ചെലര്ക്ക് തിരിം. ചെലര്ക്ക് തിരീല'; എം.എ യൂസഫലി വിഷയത്തിൽ കെ.എം ഷാജിയെ പരോക്ഷമായി ട്രോളി കെടി ജലീൽ

19 Jun 2022 1:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അത് ചെലര്ക്ക് തിരിം. ചെലര്ക്ക് തിരീല; എം.എ യൂസഫലി വിഷയത്തിൽ കെ.എം ഷാജിയെ പരോക്ഷമായി ട്രോളി കെടി ജലീൽ
X

ലോകകേരള സഭയിൽ ബഹിഷ്കരണ വിഷയത്തിൽ മുസ്ലിം ലീ​ഗ് നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ കെഎം ഷാജിയെ പരോക്ഷമായി ട്രോളി മുൻമന്ത്രി കെ.ടി ജലീൽ. 'ആർക്കെങ്കിലും വിൽക്കാനും വിലക്കെടുക്കാനും മുസ്ലിംലീഗ് വാണിയങ്കുളം ചന്തയിലെ നാൽക്കാലിയല്ലെന്നാണ് സാദിഖലി തങ്ങൾ പറഞ്ഞതിൻ്റെ പച്ച മലയാളത്തിലുള്ള അർത്ഥം. അത് ചെലര്ക്ക് തിരിം. ചെലര്ക്ക് തിരീല' എന്ന ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ കെ.എം ഷാജി വ്യവസായി എംഎ യൂസഫലിക്കെതിരെ നടത്തിയ പ്രസ്താവനയിലും കെ.ടി ജലീൽ പ്രതികരിച്ചിരുന്നു. കെ.എം ഷാജി നടത്തിയ പ്രസംഗം ഉണ്ട ചോറിന് നന്ദി കാണിക്കാത്തവൻ്റെ ജൽപ്പനങ്ങളായേ കാണാനാകൂവെന്നായിരുന്നു ജലീലിന്റെ പ്രസ്താവന.

കെ.ടി ജലീൽ നേരത്തെ നടത്തിയ പ്രസ്താവന;

മുസ്ലിം ലീഗിനും ലീഗിൻ്റെ പോഷക സംഘടനയായ കെ.എം.സി.സിക്കും യൂസുഫലിയോളം സംഭാവന നൽകിയ വ്യക്തി വേറെ ഉണ്ടാവില്ല. ലീഗ് കേരളത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ സിംഹ ഭാഗവും പ്രവാസികളുടെ അദ്ധ്വാന ഫലമാണ്. അതിൽ വലിയൊരു ശതമാനം യൂസുഫലി സാഹിബിൻ്റെതാണ്. അക്കാര്യം സാദിഖലി തങ്ങൾക്കും കുഞ്ഞാലിക്കുട്ടി സാഹിബിനും വഹാബ് സാഹിബിനും ലീഗിൻ്റെ ഫണ്ടിംഗ് സോഴ്സ് അറിയുന്ന ഷാജി ഉൾപ്പടെയുള്ള നേതാക്കൾക്കൊക്കെയും അറിയാം.

താനകപ്പെട്ട ഊരാക്കുടുക്കിൽ നിന്ന് രക്ഷപ്പെടാൻ പിണറായിയെ തെറി പറഞ്ഞും എം.എ യൂസുഫലിയെ ശകാരിച്ചും പാവം അണികളുടെ കയ്യടി വാങ്ങാമെന്നാണ് എൻ്റെ പഴയ സുഹൃത്ത് ധരിച്ചു വശായിരിക്കുന്നത്. ലീഗിൽ നഷ്ടപ്പെടുന്ന പ്രതിച്ഛായ വീണ്ടെടുക്കാൻ ഷാജി ചെയ്ത കടുംകൈ ലീഗിനെ പ്രതിസന്ധികളുടെ നീർച്ചുഴിയിലേക്ക് വലിച്ചെറിയുമെന്ന് ഉറപ്പാണ്. ഞാനീ പറഞ്ഞത് സത്യമല്ലെങ്കിൽ ലീഗ് നേതാക്കൾ ഷാജിയെ അനുകൂലിച്ച് രംഗത്ത് വരട്ടെ. കെ.എം.സി.സി ലോക കേരള സഭാ വേദിയിൽ വെച്ചു തന്നെ യൂസുഫലി സാഹിബിനോട് ക്ഷമ ചോദിച്ചത് നാം കേട്ടു. ഷാജിയെ തള്ളിപ്പറഞ്ഞ് ലീഗും അധികം വൈകാതെ തടിയൂരുന്നത് നമുക്ക് കാണാം.

അതേസമയം ലോകകേരള സഭയിൽ നിന്നു വിട്ടുനിന്നത് രാഷ്ട്രീയ കാരണങ്ങളാലെന്ന് മുസ്ലിം ലീ​ഗ് വിശദീകരണം. എം.എ യൂസഫലിക്കെതിരായ ലീ​ഗ് നേതാവ് കെ.എം ഷാജിയുടെ പ്രസ്താവന വിവാദമായതോടെയാണ് വിശദീകരണവുമായി നേതൃത്വം രം​ഗത്തുവന്നിരിക്കുന്നത്. യുസഫലി ആദരീണയനായ വ്യക്തിയാണ്, അദ്ദേഹം ഇതു സംബന്ധിച്ച് നടത്തിയിരിക്കുന്ന പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും ലീഗ് പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

യുസഫലിയുടെ മാന്യതയെ അം​ഗീകരിക്കുന്നു. വിഷയത്തിൽ അദ്ദേ​ഹം സ്വന്തം അഭിപ്രായം പ്രകടിപ്പിച്ചു, യുഡിഎഫ് അവരുടെ നയം നടപ്പിലാക്കിയെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. നേരത്തെ പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. കെ.എം ഷാജിയുടെ പ്രസ്താവനയുടെ വെളിച്ചത്തിൽ നേതൃത്വം നിലപാട് വ്യക്തമാക്കാൻ നിർബന്ധിതരാവുകയായിരുന്നു. സാദിഖലി തങ്ങൾ നിലപാട് വ്യക്തമാക്കിയ വാർത്താ സമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ തുടങ്ങിയ മുതിർന്ന നേതാക്കളും സന്നിഹിതരായിരുന്നു.

ഷാജി നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ലീ​ഗ് പ്രസിഡന്റ് തയ്യാറായില്ല. വിഷയത്തിൽ പറയാനുള്ളതെല്ലാം തങ്ങൾ പറഞ്ഞു കഴിഞ്ഞുവെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. നേരത്തെ ലോക കേരള ബഹിഷ്കരണവുമായി ബന്ധപ്പെട്ട് അഭിപ്രായം രേഖപ്പെടുത്തിയതിന് പിന്നാലെ എംഎ യൂസഫലിയെ പരോക്ഷമായി വിമർശിച്ച് കെ.എം ഷാജി രം​ഗത്തുവന്നത്. ബിസിനസ് വളർത്താൻ ബിജെപിയെയും സംസ്ഥാന സർക്കാരിനെയും തൃപ്തിപ്പെ‌ടുത്തുന്നയാൾ മുസ്ലിം ലീ​ഗിനെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കേണ്ടെന്നായിരുന്നു ഷാജിയുടെ പരാമർശം. ഏത് വലിയ സുൽത്താനായാലും ലീ​ഗിനെ വിലയ്ക്ക് വാങ്ങാൻ വന്നാൽ വിവരമറിയുമെന്നും കെ എം ഷാജി പറഞ്ഞു.

STORY HIGHLIGHTS: KT JALEEL TROLLS KM SHAJI LOKA KERALA SABHA CONTRAVERSY

Next Story