Top

മഹാത്മജിയെ സംഘപരിവാരം ഏറ്റെടുത്ത പോലെ വാരിയംകുന്നനെ സ്വന്തമാക്കാനാണ് ജമാഅത്തെ ഇസ്ലാമിക്കാരുടെ ശ്രമം‍: കെടി ജലീല്‍

ജമാഅത്തെ ഇസ്ലാമിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കും നിർവഹിക്കാത്ത കൂട്ടരാണ്.

25 Nov 2021 9:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഹാത്മജിയെ സംഘപരിവാരം ഏറ്റെടുത്ത പോലെ വാരിയംകുന്നനെ സ്വന്തമാക്കാനാണ്  ജമാഅത്തെ ഇസ്ലാമിക്കാരുടെ ശ്രമം‍: കെടി ജലീല്‍
X

വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ജമാഅത്തെ ഇസ്ലാമിക്കാരെന്ന് കെടി ജലീല്‍. ഗാന്ധിസത്തെ ഒരു ഘട്ടത്തിലും അംഗീകരിക്കാത്ത സംഘ് പരിവാരങ്ങൾ മഹാത്മജിയെ ഏറ്റെടുത്തത് പോലെയാണ് ഒരിക്കൽപോലും ബ്രിട്ടീഷുകാരുടെ ചൂഷണത്തെ എതിർക്കാത്ത ജമാഅത്തെ ഇസ്ലാമിക്കാർ സാമ്രാജ്യത്വ വിരുദ്ധതയുടെ പ്രതിരൂപമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നതെന്നും കെ ടി ജലീല്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കും നിർവഹിക്കാത്ത കൂട്ടരാണ്. ബ്രിട്ടീഷുകാരെ വിമർശിച്ചതിനോ അവർക്കെതിരായി പൊരുതാൻ പ്രേരിപ്പിച്ചതിനോ ഒരു നിമിഷത്തെ ജയിൽ വാസത്തിനോ ശാസനക്കോ ഗുരു ഗോൾവാൾക്കറും മൗലാനാ മൗദൂദിയും വിധേയരായിട്ടില്ല. എന്നാൽ ഇവരുടെ അനുയായികളാണ് ഹിന്ദു-മുസ്ലിം പക്ഷങ്ങളിൽ നിന്ന് വർഗ്ഗീയ വിഷം ചീറ്റുന്നതിലും സ്വാതന്ത്ര്യ സമര വീരസ്യം പറയുന്നതിലും പ്രധാനികളെന്നും അദ്ദേഹം വിമർശിച്ചു. പൂർവികർ ചെയ്ത തെറ്റിന് ഒരു പക്ഷെ പ്രായശ്ചിത്തം ചെയ്യുകയാവും ഇരു പക്ഷത്തെയും പുതുതലമുറയെന്നും കെ ടി ജലീല്‍ പരിഹസിച്ചു.

അടുത്തിടെയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ആസ്പദമാക്കിയുള്ള റമീസ് മുഹമ്മദിന്റെ പുസ്തകം 'സുല്‍ത്താന്‍ വാരിയംകുന്നന്‍' പ്രകാശനം ചെയ്യപ്പെട്ടത്. കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ഥ ചിത്രമടക്കം പ്രകാശനം ചെയ്ത പുസ്കത്തിന് വലിയ രീതിയിലുള്ള പ്രചാരണം ലഭിച്ചിരുന്നു. പത്ത് വര്‍ഷത്തോളം നീണ്ട ഗവേഷണങ്ങളിലൂടെ റിസർച്ച ടീം കണ്ടെടുത്ത വിവരങ്ങളും രേഖകളും അടങ്ങുന്നതാണ് പുസ്കമെന്ന് റമീസ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു. 1921ല്‍ നടന്ന ചില യുദ്ധങ്ങളുടെയടക്കമുള്ള അപൂര്‍വഫോട്ടോകളടക്കം ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്ന് കണ്ടെടുക്കാനായതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ ഘട്ടത്തില്‍ ജമാഅത്തെ ഇസ്ലാമിയും പുസ്തകത്തെയും വാരിയംകുന്നനെയും ഏറ്റുടെത്ത് ക്യാമ്പയിനാക്കി ഏറ്റെടുത്തിരുന്നു.


Next Story

Popular Stories