Top

'റിപ്പബ്ലിക് ദിനത്തിൽ മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കും'; പ്രഖ്യാപനവുമായി കെപിസിസിയും യൂത്ത് ​കോൺ​ഗ്രസും

ചരിത്ര യാഥാർത്ഥ്യങ്ങൾ സംഘപരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്

24 Jan 2023 5:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റിപ്പബ്ലിക് ദിനത്തിൽ മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കും; പ്രഖ്യാപനവുമായി കെപിസിസിയും യൂത്ത് ​കോൺ​ഗ്രസും
X

കൊച്ചി: ​ഗുജറാത്ത് കലാപത്തെക്കുറിച്ചുളള ബിബിസി ഡോക്യുമെന്ററി റിപ്പബ്ലിക് ദിനത്തിൽ പ്രദർശിപ്പിക്കുമെന്ന് കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ചെയർമാൻ അഡ്വ. ഷിഹാബുദ്ദീൻ കാര്യയത്ത് അറിയിച്ചു. റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡോക്യുമെൻററി പ്രദർശിപ്പിക്കും. ഡോക്യുമെന്ററിയ്ക്ക് രാജ്യത്ത് അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഗുജറാത്ത് വംശഹത്യയിൽ മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ പങ്കാളിത്തം പുറത്തുവരാതിരിക്കനാണ് ഡോക്യുമെന്ററി രാജ്യത്ത് വിലക്കിയിരിക്കുന്നതെന്ന് അഡ്വ. ഷിഹാബുദ്ദീൻ കാര്യയത്ത് പറഞ്ഞു.

ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും പറഞ്ഞു. 'ഒറ്റു കൊടുത്തതിന്റേയും മാപ്പ് എഴുതിയതിന്റേയും വംശഹത്യ നടത്തിയതിന്റേയുമൊക്കെ ഓര്‍മ്മപ്പെടുത്തലുകള്‍ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ല. ചരിത്ര യാഥാർത്ഥ്യങ്ങൾ സംഘപരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്,' ഷാഫി പറമ്പിൽ പറഞ്ഞു.

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയുമായി സംസ്ഥാനത്തെ 200 കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഫേസ്ബുക്ക് കുറിപ്പിലൂടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം അറിയിച്ചത്. ഡിവൈഎഫ്ഐക്ക് പിന്നാലെ എസ്എഫ്ഐയും പ്രദർശിപ്പിക്കുമെന്ന് അറിയിച്ചു. ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാർ തിങ്കളാഴ്ച പറഞ്ഞിരുന്നു.

ഡോക്യുമെന്ററി രാജ്യത്ത് ബ്ലോക്ക് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിന്റെ സത്യം പുറത്ത് വരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇപ്പോഴും ഭയമാണ്. യാഥാര്‍ത്ഥ്യം ലോകം കണ്ടുകൊണ്ടിരിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ അത് മറച്ചുവെക്കുന്നുവെന്നതില്‍ കാര്യമില്ലെന്നും കോണ്‍ഗ്രസ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഡോക്യുമെന്ററിയില്‍ വിശദീകരണവുമായി ബിബിസി രംഗത്തെത്തിയിരുന്നു. വിവാദ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കിയിരുന്നു. വിശദമായ ഗവേഷണം നടത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. ബിജെപി നേതാക്കളുടെ അടക്കം അഭിപ്രായം ഉള്‍പ്പെടുത്തിയിരുന്നുവെന്നും ബിബിസി അറിയിച്ചിരുന്നു.

STORY HIGHLIGHTS: KPCC Says BBC documentary against Modi to be screened on Republic Day

Next Story