കോഴിക്കോട് സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി; വിദ്യാര്‍ഥിനി മരിച്ചു
പുഴയിലേക്ക് വീണ നഫാത്തിന്റെ മൃതദേഹം ബേപ്പൂര്‍ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്.
14 May 2022 12:17 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: കോഴിക്കോട് ഫറോക്ക് റെയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയില്‍ വീണ വിദ്യാര്‍ഥിനി മരിച്ചു. കരുവന്തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പെരിങ്ങാവ് പട്ടായത്തില്‍ മുഹമ്മദ് ഇഷാമിന് (16) പരുക്കേറ്റു.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. റെയില്‍വേ പാളത്തില്‍ ഇരുന്ന് സെല്‍ഫി എടുക്കുന്നതിനിടെ കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ ഇരുവരെയും ഇടിക്കുകയായി. ഇടിയുടെ ആഘാതത്തില്‍ നഫാത്ത് പുഴയിലേക്കും ഇഷാം പാളത്തിന്റെ സമീപത്തേക്കും വീഴുകയായിരുന്നു. പുഴയിലേക്ക് വീണ നഫാത്തിന്റെ മൃതദേഹം ബേപ്പൂര്‍ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് നഫാത്തിന്റെ മൃതദേഹമുള്ളത്. പരുക്കേറ്റ ഇഷാമിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.