Top

'ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നികത്താനാകാത്ത നഷ്ടം'; ബെര്‍ലിന്‍ കുഞ്ഞനന്തന്റെ നിര്യാണത്തില്‍ കോടിയേരി

''സാര്‍വ്വദേശീയതലത്തില്‍ മാധ്യമപ്രവര്‍ത്തനം നടത്തിയ കുഞ്ഞനന്തന്‍ നായര്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തി.''

8 Aug 2022 4:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നികത്താനാകാത്ത നഷ്ടം; ബെര്‍ലിന്‍ കുഞ്ഞനന്തന്റെ നിര്യാണത്തില്‍ കോടിയേരി
X

ആദ്യകാല കമ്മ്യൂണിസ്റ്റും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

''സാര്‍വ്വദേശീയതലത്തില്‍ മാധ്യമപ്രവര്‍ത്തനം നടത്തിയ കുഞ്ഞനന്തന്‍ നായര്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. 1938ല്‍ കല്യാശേരിയില്‍ രൂപംകൊണ്ട ബാലസംഘത്തിന്റെ ആദ്യരൂപമായ ബാലഭാരതസംഘത്തിന്റെ പ്രഥമസെക്രട്ടറിയായാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 1943ല്‍ ബോംബെയില്‍ ചേര്‍ന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒന്നാം കോണ്‍ഗ്രസിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയായിരുന്ന അദ്ദേഹം 1943ലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിലും പങ്കെടുത്തു. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നികത്താനാകാത്ത നഷ്ടമാണ്.'' അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, സഖാക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നെന്ന് കോടിയേരി പറഞ്ഞു.

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കിഴക്കന്‍ ജര്‍മ്മനിയുടെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും വിശേഷങ്ങള്‍ ലോകത്തെ അറിയിക്കാന്‍ പതിറ്റാണ്ടുകള്‍ ചെലവഴിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇന്ന് വെെകിട്ട് ആറ് മണിയോടെ കണ്ണൂരിലെ നാറാത്തെ വീട്ടിലായിരുന്നു ബെര്‍ലിന്‍ കുഞ്ഞനന്തന്റെ അന്ത്യം. വാര്‍ധക്യസഹജരോഗങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു.

1935ല്‍ കല്യാശേരിയില്‍ രൂപം കൊണ്ട ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു. 1939ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധിയായി. മുംബൈയില്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായി പങ്കെടുത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കുഞ്ഞനന്തന്‍ സിപിഐഎമ്മിനൊപ്പം നിന്നു. 1957ല്‍ ഇഎംഎസ് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറിയായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ആയി. ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.

1959ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസില്‍ പങ്കെടുത്തു. 1965ല്‍ ബ്ലിറ്റ്സ് ലേഖകനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവന്‍, ജനയുഗം പത്രങ്ങളില്‍ എഴുതി. ബെര്‍ലിനില്‍ നിന്ന് കുഞ്ഞനന്തന്‍ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയതോടെയാണ് ബെര്‍ലിന്‍ കുഞ്ഞനന്തനെന്ന് അറിയപ്പെട്ട് തുടങ്ങിയത്. പിശാചും അവന്റെ ചാട്ടുളിയും പുസ്തകത്തിലൂടെ പ്രശസ്തനായി. 2005ല്‍ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടു. 2015ല്‍ പാര്‍ട്ടിയിലേക്ക് തിരികെയെടുത്തു.

1926 നവംബര്‍ 26 ന് നാറാത്താണ് ജനനം. ഭാര്യ: സരസ്വതിയമ്മ. മകള്‍: ഉഷ (ബെര്‍ലിന്‍). മരുമകന്‍: ബര്‍ണര്‍ റിസ്റ്റര്‍. സഹോദരങ്ങള്‍: മീനാക്ഷി, ജാനകി, കാര്‍ത്യായനി.

Next Story