Top

'മകനെ കേസില്‍പെടുത്തുക, അച്ഛനെ മാനസികമായി തകര്‍ക്കുക'; നേരിട്ടത് വ്യക്തിപരമായ ആക്രമണമായിരുന്നെന്ന് കോടിയേരി

4 Dec 2021 6:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മകനെ കേസില്‍പെടുത്തുക, അച്ഛനെ മാനസികമായി തകര്‍ക്കുക; നേരിട്ടത് വ്യക്തിപരമായ ആക്രമണമായിരുന്നെന്ന് കോടിയേരി
X

പൊതു പ്രവര്‍ത്തന രംഗത്ത് നിന്നും തന്നെ മാറ്റി നിര്‍ത്തുക ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞകാലങ്ങളില്‍ നീക്കങ്ങള്‍ നടന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്റെ മകന്‍ ബിനീഷ് കോടിയേരി പ്രതിയായ കേസില്‍ ഇടപെടലുകള്‍ പലതും സദുദ്ദേശ്യപരമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ മാസങ്ങളില്‍ താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് കോടിയേരിയുടെ പ്രതികരണം.

ബിനീഷ് കോടിയേരിക്ക് എതിരായ കേസുകളില്‍ സ്വീകരിച്ച പല നടപടികളും സംശയിക്കേണ്ടിവരുമെന്നും ഇവ സദുദ്ദേശ്യപരമാണെന്നു തോന്നുന്നില്ലെന്നുമാണ് കോടിയേരിയുടെ നിലപാട്. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കേസില്‍ ജില്ലാ കോടതിയില്‍ പോലും ഇഡിക്ക് വേണ്ടി ഹാജറായത് അഡീഷനല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. മറ്റു മൂന്നു പ്രതികള്‍ക്കെതിരെ പ്രോസിക്യൂട്ടറായിരുന്നു ഹാജരായത് എന്നിരിക്കെയാണ് ബിനീഷിന് എതിരെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഇടപെട്ടത്. ഇഡി വാദം നീട്ടിക്കൊണ്ടുപോയി. ഇഡിയുടെ വാദം കേട്ട ശേഷമേ തീരുമാനം എടുക്കു എന്ന സമീപനമാണു ഹൈക്കോടതിയില്‍ ജഡ്ജി പോലും സ്വീകരിച്ചത്. ഇതെല്ലാം ജാമ്യം ലഭിക്കുന്നതിന് വൈകുന്ന നിലയുണ്ടായി എന്നും കോടിയേരി വ്യക്തമാക്കുന്നു.

രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് പല പ്രശനങ്ങളും നേരിടേണ്ടിവരും എന്നാല്‍ തനിക്കെതിരെ നടന്നത് വ്യക്തിപരമായ ആക്രമണമാണു നടന്നത്. അസുഖകാലത്തായിരുന്നു ഇത്തരം ഒരു നീക്കം ഉണ്ടായത്. മകനെ കേസില്‍പെടുത്തുക, അച്ഛനെ മാനസികമായി പ്രതിസന്ധിയിലാക്കുക, കുടുംബത്തെ തകര്‍ക്കുക ഇതിലൂടെ പ്രവര്‍ത്തനരംഗത്തു നിര്‍ജീവമാക്കുക എന്നതായിരുന്നു എതിരാളികളുടെ നീക്കമെന്നും കോടിയേരി ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷം പോലും തന്നെ തനിക്കെതിരെ ഉദാരപരമായ നിലപാട് സ്വീകരിച്ചു എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടാന്‍ ശ്രമിച്ചു. ബിനീഷ് കോടിയേരിയുടെ ജാമ്യം പോലും വൈകിയത് ഇതിന് പിന്നിലുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വീണ്ടും സെക്രട്ടി സ്ഥാനം ഏറ്റെടുക്കുമ്പോഴും പദവിയില്‍ ഒരു മൂന്നാം ഊഴം എന്നത് പാര്‍ട്ടി തീരുമാനക്കേണ്ട കാര്യമാണെന്നും കോടിയേരി വ്യക്തമാക്കുന്നു.



Next Story