മോഡലുകളുടെ മരണം; ഔഡി കാറുടമ സൈജു തങ്കച്ചന് നോട്ടീസ്, ഒളിവില്‍
24 മണിക്കൂറിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം.
24 Nov 2021 2:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചിയില്‍ മോഡലുകളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകട സമയത്ത് ഇവരുടെ വാഹനത്തെ പിന്തുടർന്ന ഔഡി കാര്‍ ഉടമ സൈജു തങ്കച്ചന് അന്വേഷണ സംഘത്തിന്റെ നോട്ടീസ്. 24 മണിക്കൂറിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. ഔഡി കാറിലെത്തിയ സൈജു മോഡലുകളുടെ കാറിനെ പിന്തുടര്‍ന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സൈജുവിന്റെ സഹോദരനാണ് നോട്ടീസ് കൈപ്പറ്റിയതെന്നും നിലവില്‍ സൈജു ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ നമ്പര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ ഹാര്‍ഡ് ഡിസ്‌ക് മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങി. പൊലീസ് അന്വേഷിക്കുന്ന തെളിവാണിതെന്ന് അറിയാത്ത തൊഴിലാളികള്‍ ഇത് കായലിലേക്ക് തന്നെ കളഞ്ഞു. പൊലീസ് കാണിച്ച ഡിവിആറിന്റെ ചിത്രം തൊഴിലാളികള്‍ തിരിച്ചറിഞ്ഞതോടെയാണ് ലഭിച്ചത് ഡിവിആര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച രാവിലെ ഇടക്കൊച്ചി കണ്ണങ്കാട്ട് പാലത്തിനുസമീപം വലയിട്ടപ്പോള്‍ ഒരു ബോക്സ് കിട്ടിയെന്നായിരുന്നു മത്സ്യത്തൊഴിലാളി നല്‍കിയ മൊഴി. പൊലീസ് തിരയുന്ന അതേസമയത്താണ് ഡിവിആര്‍ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത്.
അതിനിടെ സ്‌കൂബാ ഡൈവിംഗ് ടീം മത്സ്യത്തൊഴിലാളികളെയും ചേര്‍ത്ത് ഇന്നും പരിശോധന തുടരുകയാണ്. വല ഉപയോഗിച്ച്് പരിശോധന നടത്താനും നീക്കമുണ്ട്. ഡിവിആര്‍ നശിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മോഡലുകളുടെ മരണവും ഡിവിആര്‍ നശിപ്പിച്ചതും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും കമീഷണര്‍ പറഞ്ഞു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ ശേഖരിക്കപ്പെട്ട ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയാല്‍ ദുരൂഹതയുടെ ചുരുളഴിയുമെന്നും കമീഷണര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ നമ്പര്‍ 18 ഹോട്ടലിലെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹോട്ടലിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇന്നോവ കാറാണ് കസ്റ്റഡിയില്‍ എടുത്തത്. ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാന്‍ ഉപയോഗിച്ചത് ഈ കാറാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ അറസ്റ്റിലായ ഹോട്ടല്‍ ജീവനക്കാരായ വിഷ്ണുകുമാര്‍, മെല്‍വിന്‍ എന്നിവരാണ് കാര്‍ ഉപയോഗിച്ചതെന്നുമാണ് കണ്ടെത്തല്‍. കേസിലെ മൂന്നും നാലും പ്രതികളാണ് ഇവര്‍.