Top

കെഎം ഷാജിയുടെ സ്വത്ത് കണ്ടുകെട്ടും; പിടിച്ചെടുത്ത പണം കണക്കില്‍പ്പെടാത്തതെന്ന് വിജിലന്‍സ്

വീട്ടില്‍ സൂക്ഷിച്ചത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന ഷാജിയുടെ വാദം വിജിലന്‍സ് കോടതി തള്ളിയിരുന്നു

4 Nov 2022 12:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെഎം ഷാജിയുടെ സ്വത്ത് കണ്ടുകെട്ടും; പിടിച്ചെടുത്ത പണം കണക്കില്‍പ്പെടാത്തതെന്ന് വിജിലന്‍സ്
X

കോഴിക്കോട്: മുസ്ലീം ലീഗ് മുന്‍ എംഎല്‍എ കെഎം ഷാജിയുടെ സ്വത്ത് കണ്ടുകെട്ടുന്നതിനായി സര്‍ക്കാര്‍ ഉത്തരവിറക്കി. വീട്ടില്‍ സൂക്ഷിച്ചത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന ഷാജിയുടെ വാദം വിജിലന്‍സ് കോടതി തള്ളിയിരുന്നു. 47,35,500 രൂപ കണക്കില്‍ പെടാത്തതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അതിനാല്‍ അഴിമതി നിരോധന നിയമ പ്രകാരം സ്വത്ത് കണ്ടു കെട്ടാനാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നാല്‍പ്പത്തിയേഴ് ലക്ഷത്തോളം രൂപയായിരുന്നു വിജിലന്‍സ് പിടിച്ചെടുത്തത്.

പത്തുലക്ഷം രൂപയാണ് 2022 മാര്‍ച്ച് 3ന് ഷാജി നികുതിയായി അടച്ചത്. വീട്ടില്‍ നിന്നു വിജിലന്‍സ് പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയും മുസ്ലീം ലീഗ് നേതൃത്വവും പറഞ്ഞിരുന്നത്. കെഎം ഷാജി കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ പലതും വിശ്വസനീയമല്ലെന്ന നിലപാടിലാണ് വിജിലന്‍സ്.

വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെടുത്ത പണം തിരികെ വേണമെന്നാവശ്യപ്പെട്ട് കെ എം ഷാജി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. കെഎം ഷാജിക്ക് പണം തിരികെ നല്‍കാനാവില്ലെന്ന് കോടതി അറിയിച്ചു.കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണമെന്നായിരുന്നു ഷാജിയുടെ ആവശ്യം. പണം വിട്ട് നല്‍കുന്നത് അന്വേഷണത്തെ കാര്യമായി തന്നെ ബാധിക്കുമെന്ന് വിജിലന്‍സ് കോടതിയില്‍ വാദിച്ചു.

Story highlights: KM Shaji's property will be confiscated

Next Story