Top

'ഗ്വാളിയോര്‍ റയോണ്‍സിലെ തൊഴിലാളി നേതാവ് ഈ നിലയില്‍ എത്തിയത് എങ്ങനെ'; എളമരം കരീമിന്റെ ചരിത്രം പറയിക്കരുതെന്ന് കെ കെ രമ

'എളമരം കരീമിന്റെ വലിയ നേതാവ് പിണറായി വിജയന്‍ ഒഞ്ചിയത്ത് വന്ന് ഞങ്ങളെ തീര്‍ക്കുമെന്ന് പ്രസംഗിച്ചതാണ്'

8 July 2022 8:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗ്വാളിയോര്‍ റയോണ്‍സിലെ തൊഴിലാളി നേതാവ് ഈ നിലയില്‍ എത്തിയത് എങ്ങനെ; എളമരം കരീമിന്റെ ചരിത്രം പറയിക്കരുതെന്ന് കെ കെ രമ
X

കൊച്ചി: തനിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ എളമരം കരീം എംപിക്ക് മറുപടിയുമായി കെ കെ രമ എംഎല്‍എ. കൊന്നിട്ടും വെട്ടി നുറുക്കിയിട്ടും തീരാത്ത പകയുടെ തുടര്‍ച്ചയാണ് എളമരം കരീമിന്റെ പ്രസംഗമെന്ന് അവര്‍ പറഞ്ഞു. അസഹിഷ്ണുത പുളിച്ച് തികട്ടി പുറത്തേക്ക് വരികയാമെന്നും കെ കെ രമ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലായിരുന്നു എംഎല്‍എയുടെ പ്രതികരണം.

ഒരു കള്ള കച്ചവടത്തിന്റെയും പിറകേ പോവാതെയാണ് തങ്ങള്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം കൊണ്ടുപോകുന്നത്. അതില്‍ അഭിമാനത്തോടുകൂടിയാണ് നിയമസഭയിലേക്ക് പോയത്. എളമരം കരീമിന്റെ ഭീഷണി പ്രസംഗം കൊണ്ട് ഞങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ല. പിണറായി വിജയന്‍ ഒഞ്ചിയത്ത് വന്ന് ഞങ്ങളെ തീര്‍ക്കുമെന്ന് പ്രസംഗിച്ചതാണ്. അതിന് ശേഷം അവര്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടപ്പെട്ട് അങ്ങേയറ്റം നഷ്ടം സഹിച്ചുകൊണ്ടാണ് ഞങ്ങളുടെ എല്ലാ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും അവര്‍ പറഞ്ഞു.

നവ മുതലാളിത്തത്തിനും നവ കമ്മ്യണിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും നില്‍ക്കാതെയാണ് മുന്നോട്ട് പോകുന്നത്. എളമരം കരീമിന്റെ ചരിത്രം തന്നെക്കൊണ്ട് പറയിക്കരുത്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ കരാര്‍ തൊഴിലാളിയായി വന്ന എളമരം കരീം എന്ന തൊഴിലാളി നേതാവ് എങ്ങനെയാണ് ഈ നിലയിലേക്ക് എത്തിയതെന്നതിലേക്ക് പോവുന്നില്ലെന്നും കെ കെ രമ പറഞ്ഞു.

കെ കെ രമ എംഎല്‍എയുടെ വാക്കുകള്‍:

സിപിഐഎം നേതൃത്വത്തില്‍ നിന്ന് ഇതിനപ്പുറവും കേട്ടുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. പതിനാല് വര്‍ഷത്തിന് ശേഷം വീണ്ടും ഇതുപൊലെ ഒരു പ്രസംഗം നടത്താന്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തയ്യാറായിട്ടുണ്ടെങ്കില്‍, കൊന്നിട്ടും വെട്ടി നുറുക്കിയിട്ടും തീരാത്തൊരു പകയാണ് ബാക്കി നില്‍ക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് എളമരം കരീമിന്റെ പ്രസംഗം. അസഹിഷ്ണുത പുളിച്ച് തികട്ടി പുറത്തേക്ക് വരികയാണ്.

ഞങ്ങള്‍ക്ക് തെല്ലും അഹങ്കാരമില്ല, പക്ഷേ നല്ല അഭിമാനമുണ്ട്. ഒരു കള്ള കച്ചവടത്തിന്റേയും പിറകില്‍ പോകാതെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അഭിമാനത്തോടുകൂടിയാണ് നിയമസഭയിലേക്ക് പോയത്. കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു എംകെ കേളുവേട്ടന്റെ പിന്മുറക്കാരിയായാണ് നിയമസഭയിലേക്ക് കയറിയതെന്ന അഭിമാനത്തോടുകൂടിയാണ് മുന്നോട്ട് പോകുന്നതും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതും. അതിന്റെയൊക്കെ പ്രശ്‌നമായിരിക്കാം ഇവരുടെയൊക്കം പ്രസംഗങ്ങളില്‍ വരുന്നത്.

എളമരം കരീമിന്റെ ഭീഷണി പ്രസംഗം കൊണ്ടൊന്നും ഞങ്ങളെയൊന്നും ഒന്നും ചെയ്യാന്‍ കഴിയില്ല. എളമരം കരീമിന്റെ വലിയ നേതാവ് പിണറായി വിജയന്‍ ഒഞ്ചിയത്ത് വന്ന് ഞങ്ങളെ തീര്‍ക്കുമെന്ന് പ്രസംഗിച്ചതാണ്. അതിന് ശേഷം അവര്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടപ്പെട്ട് അങ്ങേയറ്റം നഷ്ടം സഹിച്ചുകൊണ്ടാണ് ഞങ്ങളുടെ എല്ലാ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. ഭീഷണിയൊന്നും ഞങ്ങള്‍ക്ക് പുത്തരിയല്ല, അതിലൊന്നും വീണ് പോകുന്നവരല്ല ഞങ്ങള്‍ ഒഞ്ചിയത്തുകാര്‍.

ഒരു നവമുതലാളിത്തത്തിനും അടിയറ വെക്കാതെ, ഈ നവകമ്മ്യൂണിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നില്‍ക്കാതെ തന്നെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെയാണ് വടകരയിലെ ജനങ്ങള്‍ ഞങ്ങളെ തെരഞ്ഞെടുത്തതും ജനങ്ങളെ സേവിച്ച് മുന്നോട്ട് പോകുന്നതും അതിലൊന്നും തെല്ലും അഹങ്കാരമില്ല.

ഇടക്കാലത്ത് ഇതൊക്കെ നിന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും വരികയാണ്. അതിന് കാരണമെന്താണ്, നിയമസഭയിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍, നേതാക്കന്മാരെ തുറന്ന് വിമര്‍ശിക്കുന്നു, അവര്‍ ചെയ്യുന്ന കാര്യങ്ങളെ തുര്‍ന്ന് എതിര്‍ക്കുന്നു, അതൊക്കെ കാണുമ്പോള്‍ അവര്‍ക്ക് സഹിക്കുന്നില്ല. വീണ്ടും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണോ, അറിയില്ല. അവസാന ശ്വാസം നില്‍ക്കുന്നത് വരെയും ഞങ്ങളുടെ പോരാട്ടം തുടര്‍ന്ന കൊണ്ടേയിരിക്കും. സഖാവ് ടി പി ചന്ദ്രശേഖരന്റെ രാഷ്ട്രീയമാണ് ഞങ്ങള്‍ മുന്നോട്ട് വെക്കുന്നത്.

ഇവര്‍ എന്ത് വര്‍ഗ രാഷ്ട്രീയമാണ് പറയുന്നത്. ഇവര്‍ എന്ത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമാണ് പറയുന്നത്. 14 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെ രാഷ്ട്രീയമായ എതിര്‍ക്കാതെ അധിക്ഷേപിക്കുകയാണ് ഇപ്പോഴും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ചെയ്യുന്നത്. നവലിബറല്‍ മുതലാളിത്തത്തിന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഒറ്റുകൊടുക്കുകയാണ്. രക്തസാക്ഷികളേയും രക്തപാതകയേയും ഒറ്റുകൊടുക്കുകയാണ്, രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടത്തിയതിനെ ന്യായീകരിച്ച പാര്‍ട്ടിയാണ് ഒറ്റുകൊടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്.

കരീം എവിടെ നിന്നാണ് വരുന്നത്. എനിക്ക് ആ ചരിത്രമറിയാം. എന്നെക്കൊണ്ട് അത് പറയിപ്പിക്കരുത്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ കരാര്‍ തൊഴിലാളിയായി വന്ന എളമരം കരീം എന്ന തൊഴിലാളി നേതാവ് എങ്ങനെയാണ് ഈ നിലയിലേക്ക് എത്തിയതെന്നതിലേക്ക് പോവുന്നില്ല. ആ രാഷ്ട്രീയം ശരിയല്ല, ഞാനത് പറയുന്നില്ല. 2016ല്‍ എംഎല്‍എയെ തന്നത് ഞങ്ങളുടെ ഔദ്യാര്യമായിരുന്നു. അന്ന് ഞങ്ങള്‍ ഒറ്റയ്ക്ക് മത്സരിച്ചു. അതുകൊണ്ടാണ് അന്ന് നിങ്ങള്‍ക്ക് എംഎല്‍എയെ കിട്ടിയത്. അതിന് നിങ്ങള്‍ തന്ന പാരിതോഷികം ഞങ്ങള്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി ഓഫീസ് ഫലം വന്ന ശേഷം കത്തിച്ചാണ് നിങ്ങള്‍ തന്നത്. കോണ്‍ഗ്രസും ബിജെപിയുമായിരുന്നു അവിടെ നിങ്ങള്‍ക്ക് എതിരാളി, എന്നാല്‍ നിങ്ങള്‍ അന്ന് പ്രകടനം നടത്തിയത് ഞങ്ങള്‍ക്ക് എതിരേയാണ്. ഞങ്ങളുടെ കോലം കെട്ടി, വേഷം കെട്ടിയാണ് നിങ്ങള്‍ അന്ന് പ്രകടനം നടത്തിയത്.

STORY HIGHLIGHTS: KK Rema reaction on Elamaram Kareem speech against her

Next Story

Popular Stories