Top

'എംഎല്‍എ എന്ന് നെഞ്ചിലൊട്ടിച്ചാല്‍ എംഎല്‍എ ആവില്ല'; ശ്രീനിജനെതിരെ സാബു ജേക്കബ്

അക്രമം നടത്തിയ ജീവനക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവരെ തങ്ങള്‍ തന്നെ പൊലീസിനെ ഏല്‍പ്പിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.

26 Dec 2021 7:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംഎല്‍എ എന്ന് നെഞ്ചിലൊട്ടിച്ചാല്‍ എംഎല്‍എ ആവില്ല; ശ്രീനിജനെതിരെ സാബു ജേക്കബ്
X

കിറ്റെക്‌സ് കമ്പനി ജീവനക്കാര്‍ പൊലീസിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികരിച്ച കുന്നത്ത്‌നാട് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി കിറ്റെക്‌സ് എംഡി സാബു ജേക്കബ്. എംഎല്‍എ എന്ന് നെഞ്ചിലൊട്ടിച്ചാല്‍ എംഎല്‍എ ആവില്ലെന്നും ഇത്തരം ആള്‍ക്കാരുടെ വിമര്‍ശനത്തില്‍ പ്രതികരിക്കാനില്ലെന്നും സാബു ജേക്കബ് റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു. അക്രമം നടത്തിയ ജീവനക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവരെ തങ്ങള്‍ തന്നെ പൊലീസിനെ ഏല്‍പ്പിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.

കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം കിറ്റക്‌സ് കമ്പനിക്കെന്ന് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. കിറ്റക്‌സ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടൊയെന്ന് പരിശോധിക്കണമെന്നും കമ്പനിക്കെതിരെ കേസ് എടുക്കണമെന്നും ശ്രീനിജൻ ആവശ്യപ്പെട്ടു.

കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നടന്ന തർക്കമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്. അവിടെയുളള അതിഥി തൊഴിലാളികൾ അഞ്ചു പേർക്ക് കഴിയാവുന്ന കൂരകളിൽ പത്തും പതിനഞ്ചും പേരുമായി തിങ്ങി പാർക്കുകയാണ്. അവർക്കിടയിലുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും എംഎൽഎ വിമർശിച്ചു.

കമ്പനിയുടെ കീഴിൽ തൊഴിൽ ചെയ്യുന്ന അതിഥി തൊഴിലാളികൾകൾക്കെതിരെ കിഴക്കമ്പലത്തെ നാട്ടുകാർ മുമ്പും പരാതി ഉയർത്തിയിരുന്നു. എന്നാൽ ലേബർ ഡിപ്പാർട്ട്‌മെന്റ് സ്ഥലത്ത് പരിശോധനക്ക് എത്തിയപ്പോൾ തങ്ങളെ വേട്ടയാടുന്നുവെന്നാണ് കിറ്റക്‌സ് കമ്പനി അന്ന് ആരോപിച്ചത്. കേരളം വ്യവസായ സൗഹൃദമല്ലെന്ന് പ്രചരിപ്പിക്കാനും കമ്പനി ശ്രമിച്ചതായി എംഎൽഎ പറഞ്ഞു.

അന്ന് പ്രശ്‌നങ്ങൾ കൃത്യമായി പരിഹരിക്കാൻ സാധിച്ചിരുന്നെങ്കിൽ ഈ സംഭവം നടക്കില്ലായിരുന്നു. നാട്ടുകാർക്ക് സ്വസ്ഥമായി ജീവിക്കാനുളള സാഹചര്യമുണ്ടാക്കണമെന്നും എംഎൽഎ ശ്രീനിജൻ ആവശ്യപ്പെട്ടു. ഇന്നലെ രാത്രിയാണ് ക്രിസ്മസ് കരോളിനിടെ തൊഴിലാളികൾ പരസ്പരം ഏറ്റുമുട്ടിയത്. ഇത് തടയാൻ വന്ന പൊലീസിനെ തൊഴിലാളികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയും രണ്ട് പൊലീസ് ജീപ്പ് അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


'കിഴക്കമ്പലത്ത് പൊലീസുകാരെ ചുട്ടുകൊലപ്പെടുത്തിയേനെ'; നിർണായകമായത് ടിപ്പർ ഡ്രൈവറുടെ ഫോൺ കോൾ

കിഴക്കമ്പലം കിറ്റെക്സ് ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കലാപസമാനമായ നീക്കങ്ങളാണ് തൊഴിലാളികളുടെ ഭാ​ഗത്തു നിന്നുണ്ടായത്. ഏകദേശം മൂവായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കിഴക്കമ്പലം പോലുള്ള പ്രദേശത്തുണ്ടായ അക്രമ സംഭവങ്ങളുടെ വ്യാപ്തി അറിയാതെയാണ് പൊലീസ് സ്ഥലത്തെത്തിയത്. ആവശ്യത്തിന് പൊലീസ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നില്ല. ക്രിസ്മസ് ദിന ആഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികൾ മദ്യവും കഞ്ചാവും ഉൾപ്പെടെയുള്ള മയക്കുമരുന്നും ഉപയോ​ഗിച്ചിരുന്നു.

ആദ്യഘട്ടത്തിൽ എത്തിയ പൊലീസ് തൊഴിലാളികൾ തമ്മിലുണ്ടായ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിച്ചു. ഇതോടെ ഇവർ പൊലീസിനെതിരെ കൊലവിളി ഉയർത്തി. ജീപ്പ് തല്ലിത്തകർത്ത ശേഷം അതിന് മുകളിൽ കയറി കൊലവിളി നടത്തി. ഇത് തടയാൻ ശ്രമിച്ച പൊലീസുകാരെ അതിക്രൂരമായി മർദ്ദിച്ചു. കൺട്രോൾ റൂം വാഹനത്തിലും കുന്നത്തുനാട് സ്‌റ്റേഷനിലും നിന്നാണ് ആദ്യം പൊലീസെത്തിയത്. അക്രമി സംഘങ്ങളുടെ ചെയ്തികൾ ചിത്രീകരിച്ച നാട്ടുകാരെയും ഇവർ അക്രമിച്ചു.​

ഗുരുതരമായി പരിക്കേറ്റ പൊലീസുകാരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്തു. പൊലീസുകാരെ ചുട്ടുകൊല്ലാൻ വരെ അക്രമികൾ മുതിർന്നേക്കുമെന്ന് ഒരു ഘട്ടത്തിൽ തോന്നിച്ചിരുന്നു. എസ്.ഐ ഉൾപ്പെടെയുള്ള പോലീസുകാരെ ഇവർ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് പരിക്കേൽപ്പിച്ചിരുന്നു. പോലീസുകാരെ ആക്രമിക്കുന്നത് കണ്ട പ്രദേശവാസിയും ടിപ്പർ ലോറി ഡ്രൈവറുമായ സരുൺ കൺട്രോൾ റൂമിലേക്ക് വിളിച്ചറിയിച്ചതോടെയാണ് സഹായത്തിനായി കൂടുതൽ പൊലീസുകാരെത്തിയത്. കത്തിച്ച ജീപ്പിൽ പൊലീസുകാരെ പിടിച്ചിരുത്താനും ചിലർ ശ്രമിച്ചതായി നാട്ടുകാർ പറയുന്നുണ്ട്.

കിറ്റെക്സ് ലേബർ ക്യാംപിൽ താമസിക്കുന്ന ചില തൊഴിലാളികൾ സ്ഥിരം പ്രശ്നക്കാരാണെന്ന് നാട്ടുകാർ പറയുന്നു. ആക്രമം നടത്തിയ ചില തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിലർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലുൾപ്പെടെ പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. ശക്തമായ നിയമനടപടി സ്വീകരിച്ച് മുന്നോട്ടുപോവാനാണ് പൊലീസിന്റെ നീക്കം.

Next Story