Top

നാളെ വീണ്ടും സ്‌ക്കൂളിലേക്ക്; സമയക്രമം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം

കൊവിഡ് വ്യാപനം കുറഞ്ഞതോടെയാണ് സംസ്ഥാനത്തെ മുഴുവന്‍ ക്ലാസുകളും തുടങ്ങാന്‍ തീരുമാനമായത്

13 Feb 2022 1:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാളെ വീണ്ടും സ്‌ക്കൂളിലേക്ക്; സമയക്രമം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം
X

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകള്‍ക്ക് ആദ്യ ആഴ്ചയില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഉച്ചവരെ ക്ലാസുകള്‍ നടത്തുക. സ്‌കൂളുകളുടെ പ്രവര്‍ത്തനം വൈകിട്ട് വരെയാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും.

കൊവിഡ് വ്യാപനം കുറഞ്ഞതോടെയാണ് സംസ്ഥാനത്തെ മുഴുവന്‍ ക്ലാസുകളും തുടങ്ങാന്‍ തീരുമാനമായത്. നിലവിലെ അധ്യയന രീതി തന്നെയാണ് ആദ്യ ഒരാഴ്ച തുടരുക. നേരത്തെ നല്‍കിയിട്ടുള്ള മാര്‍ഗ രേഖ അടിസ്ഥാനമാക്കി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 50 ശതമാനം വിദ്യാര്‍ഥികള്‍ എത്തുന്ന നിലയില്‍ ഉച്ച വരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം നേരിട്ടുള്ള ക്ലാസുകള്‍ക്ക് പുറമെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

നിലവിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ മാസം അവസാനത്തോടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം വൈകുന്നേരം വരെയാക്കാന്‍ അവലോകനയോഗം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മുഴുവന്‍ കൂട്ടികളെയും പൂര്‍ണ തോതില്‍ സ്‌കൂളിലേക്ക് എത്തിക്കുന്നത് വെല്ലുവിളിയാണ്. ഇത് സംബന്ധിച്ച് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായും വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തും. അതേസമയം പൊതു പരീക്ഷകള്‍ക്ക് മുന്‍പ് മുഴുവന്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു പൂര്‍ത്തിയാക്കുന്നത്തിനാണ് വിദ്യാഭ്യാസ വകുപ്പ് മുന്‍ഗണന നല്‍കുന്നത്. മോഡല്‍ പരീക്ഷകളും പൊതു പരീക്ഷകളും മുന്‍ നിശ്ചയിച്ച പ്രകാരം നടത്തും.

Next Story