Top

'ശ്രേയാംസ് കുമാറിന് മറുപടിയില്ല'; രാജ്യസഭാ സീറ്റ് മുന്നണി തീരുമാനമെന്ന് കാനം

കെ റെയില്‍ വിഷയത്തില്‍ നിയമത്തിന്റെ വഴിക്ക് സര്‍ക്കാര്‍ നീങ്ങുമെന്നും കാനം

19 March 2022 9:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശ്രേയാംസ് കുമാറിന് മറുപടിയില്ല; രാജ്യസഭാ സീറ്റ് മുന്നണി തീരുമാനമെന്ന് കാനം
X

രാജ്യസഭാ സീറ്റ് സംബന്ധിച്ച് എംവി ശ്രേയാംസ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്യസഭാ സീറ്റ് എല്‍ഡിഎഫ് തീരുമാനിച്ച കാര്യമാണെന്നും ശ്രേയാംസ് കുമാറിന് മറുപടിയായി കാനം പറഞ്ഞു.

കെ റെയില്‍ വിഷയത്തില്‍ നിയമത്തിന്റെ വഴിക്ക് സര്‍ക്കാര്‍ നീങ്ങുമെന്നും കാനം വ്യക്തമാക്കി. കെ റെയിലില്‍ പൊലീസും സമരക്കാരും തമ്മിലുണ്ടായ സംഘര്‍ഷം സ്വാഭാവികമാണ്. തെറ്റിദ്ധരിക്കപ്പെട്ട സമൂഹമാണ് കെ റെയിലിനെതിരെ രംഗത്ത് വരുന്നത്. വിഷയത്തില്‍ തെറ്റായ സമീപനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നതെന്നും ബിജെപിയുമായി അടുക്കാന്‍ കെ റെയില്‍ വിഷയം കോണ്‍ഗ്രസ് ഉപയോഗിക്കുകയാണെന്നും കാനം പറഞ്ഞു.

വിലപേശലിന്റെ ഭാഗമായാണ് സിപിഐയ്ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതെന്നാണ് എംവി ശ്രേയാംസ്‌കുമാര്‍ പറഞ്ഞത്. പാര്‍ട്ടിക്ക് സീറ്റ് നിഷേധിച്ചതില്‍ മുന്നണിയില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ മന്ത്രിസ്ഥാനം നിഷേധിപ്പിച്ചപ്പോഴും അതൃപ്തി രേഖപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ മുന്നണി രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന ആളുകളാണ്. മുന്നണിയെ ശക്തിപ്പെടുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി.

കെ റെയിലില്‍ അടക്കം സിപിഐ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്ന് കൗതുകത്തോടെ കാത്തിരിക്കുകയാണെന്നും ശ്രേയാംസ് പറഞ്ഞിരുന്നു. പല വിഷയങ്ങളിലും പരസ്യ നിലപാട് എടുത്തവരാണ് സിപിഐ. സില്‍വര്‍ ലൈന്‍, മദ്യനയം, ലോകായുക്ത എന്നിവയില്‍ പാര്‍ട്ടിയുടെ ഇനിയുള്ള നിലപാടിനായി കാത്തിരിക്കുകയാണെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞിരുന്നു.

Next Story