
സന്ദീപ് റെഡ്ഡി വാങ്കയ്ക്ക് തുറന്ന പിന്തുണയുമായി ബോളിവുഡ് സംവിധായകൻ മോഹിത് സുരി. സന്ദീപിന്റെ സിനിമകളെ കുറിച്ച് ഉയരുന്ന വിവാദങ്ങൾ പലപ്പോഴും തെറ്റിധാരണ സൃഷ്ടിക്കുന്നു എന്നും മോഹിത് സൂരി പറഞ്ഞു. ഫിൽമിഗയാനോടുള്ള അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.
"എനിക്ക് അദ്ദേഹത്തിന്റെ സിനിമകൾ വളരെ ഇഷ്ടമാണ്. വിവാദമാക്കുന്നത് നമ്മളാണ്. സന്ദീപിന്‍റെ കഥകളുടേതിന് സമാനമായ ഗാംഗ്സ്റ്ററുടെ സിനിമകൾ ഉണ്ടല്ലോ. ഉദാഹരണത്തിന് ഭട്ട് സാറ് ചെയ്തിട്ടുള്ള ‘സഡക്ക്’. ഞങ്ങൾ ആ സ്കൂളിൽ നിന്നുള്ളവരാണ്. രാം ഗോപാൽ വർമ്മയും ഇത്തരം സിനിമകൾ ചെയ്തിട്ടുണ്ട്. എല്ലാവർക്കും അവരുടെ സിനിമ ചെയ്യാനുള്ള അവകാശമുണ്ട്. നിങ്ങൾക്ക് അത് ഇഷ്ടപ്പെടാനും ഇഷ്ടപെടാതിരിക്കാനുമുള്ള അവകാശമുണ്ട്," എന്നാണ് മോഹിതിന്റെ അഭിപ്രായം.
അർജുൻ റെഡ്ഡിയുടെയും കബിർ സിംഗിന്റെയും ഉള്ളടക്കത്തിൽ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഒരുപാട് പേര് കബിർ സിംഗും അർജുൻ റെഡ്ഡിയും ഒരുപോലെയാണെന്ന് കരുതുന്നു. പക്ഷേ, എനിക്ക് രണ്ടും തമ്മിൽ വലിയ വ്യത്യാസം അനുഭവപ്പെട്ടു. അനിമൽ എനിക്ക് ഏറെ ഇഷ്ടമായിരുന്നു. അന്ന് തന്നെ ഞാൻ സന്ദീപിനെ മെസേജ് ചെയ്തിരുന്നു, 'ഐ ആം എ സന്ദീപ് റെഡ്ഡി വാങ്ക ഫാൻ' എന്ന്', മോഹിത് സുരി പറഞ്ഞു.
പുതിയ ചിത്രമായ ‘സെയാര’യുടെ പ്രമോഷനിടെയാണ് മോഹിത് സുരി ഇക്കാര്യം പറഞ്ഞത്. യഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ഈ റൊമാന്റിക് ഡ്രാമയില്‍ അഹാൻ പാണ്ഡെയും അനീത് പദ്ദയുമാണ്
പ്രധാന വേഷങ്ങളിലെത്തുന്നത്.
തനിഷ്ക് ബഗ്ചി, ഫഹീം അബ്ദുല്ല, അർസ്ലാൻ നിസാമി എന്നിവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന 'സെയാര'യുടെ ട്രെയിലറിന് മികച്ച പ്രതികരണം നേടാനായിരുന്നു. ചിത്രം ജൂലൈ 18 ന് പുറത്തിറങ്ങും.
content highlights : Mohit Suri about Sandeep reddy vanga movies and criticism