Top

അനില്‍ ആന്റണിയെ തള്ളി കെ സുധാകരന്‍; 'ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസിന് ബന്ധമില്ല'

ഇന്ത്യയിലുള്ളവര്‍ ബിബിസിയെ പോലെ ഒരു ചാനലിന്റെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമായ കീഴ്‌വഴക്കമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ ആന്റണി ട്വീറ്റ് ചെയ്തിരുന്നു.

24 Jan 2023 4:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനില്‍ ആന്റണിയെ തള്ളി കെ സുധാകരന്‍; ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസിന് ബന്ധമില്ല
X

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ ബിജെപി വാദങ്ങള്‍ ഏറ്റെടുത്ത കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണിയെ തള്ളി കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഇന്ത്യയിലുള്ളവര്‍ ബിബിസിയെ പോലെ ഒരു ചാനലിന്റെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമായ കീഴ്‌വഴക്കമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ ആന്റണി ട്വീറ്റ് ചെയ്തിരുന്നു. ഈ അഭിപ്രായത്തിനെതിരായാണ് സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്.

കെപിസിസി ഡിജിറ്റല്‍ സെല്ലിന്റെ പുനഃസംഘടന പൂര്‍ത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സുധാകരന്‍ പറഞ്ഞു. ആ കച്ചിത്തുരുമ്പില്‍ പിടിച്ച് കോണ്‍ഗ്രസിനെ അപഹസിക്കാന്‍ ആരും ശ്രമിക്കേണ്ട. ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും സുധാകരന്‍ പറഞ്ഞു.

'ബിജെപിയുമായി വലിയ അഭിപ്രായ വ്യത്യാസമുണ്ട്, എന്നിരുന്നാലും ഇന്ത്യയിലുള്ളവര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബിബിസി പോലെ മുന്‍വിധികളുടെ നീണ്ട ചരിത്രമുള്ള ബ്രിട്ടണ്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു ചാനലിന്റെ വീക്ഷണത്തിന് മുന്‍തൂക്കം കല്‍പിക്കുന്നത് വളരെ അപകടകരമായ കീഴ്‌വഴക്കമാണ് എന്ന് ഞാന്‍ കരുതുന്നു. ഇത് നമ്മുടെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തും', അനില്‍ ആന്റണി ട്വീറ്റില്‍ പറയുന്നു.

അതേസമയം ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുന്നത് തുടരുകയാണ്. ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തില്‍ പലയിടത്തും പ്രദര്‍ശനം നടന്നു.

Story Highlights: K SUDHAKARAN AGAINST ANIL K ANTONY

Next Story